നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലയിൽ തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്നയാളാണ് സുന്ദർ. സി. വാഴ്കൈ ചക്രം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ കരിയർ ആരംഭിച്ച സുന്ദർ സി, 1995ൽ മുറൈ മാമൻ എന്ന ചിത്രത്തിലൂടെയാണ് സംവിധായകകുപ്പായമണിഞ്ഞത്. രജിനികാന്ത്, കമൽ ഹാസൻ, കാർത്തിക്, വിശാൽ എന്നിവരുടെ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ഒരുക്കിയത് സുന്ദർ സിയാണ്.
കമൽ ഹാസനെ കുറിച്ചും രജിനികാന്തിനെ കുറിച്ചും സംസാരിക്കുകയാണ് സുന്ദർ. സി. തന്റെ ചെറിയ പ്രായത്തിൽ തന്നെ കമൽ ഹാസന്റെയും രജിനികാന്തിന്റെയും കൂടെ സിനിമ ചെയ്തു എന്നതാണ് തന്റെ കരിയർ ഇത്രയും വർഷം നീണ്ടുനിൽക്കാനുള്ള കാരണം എന്ന് സുന്ദർ പറയുന്നു.
അവർ ഇരുവരും വളരെ അച്ചടക്കത്തോടായാണ് സെറ്റിൽ പെരുമാറുന്നതെന്നും വലിയ താരങ്ങളാണെന്ന ചിന്തയില്ലെന്നും സുന്ദർ പറയുന്നു. അവർ സിനിമക്ക് എടുക്കുന്ന എഫേർട്ട് വളരെ വലുതാണെന്നും ഓരോ സീനിനും വേണ്ടി നന്നായി കഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുന്ദർ. സി.
‘എൻ്റെ കരിയർ ഇത്രയും വർഷം നീണ്ടുനിൽക്കാൻ കാരണം തന്നെ ഞാൻ ചെറിയ പ്രായത്തിൽ കമൽ ഹാസൻ്റെയും രജിനികാന്തിൻ്റെയും കൂടെ സിനിമ ചെയ്തു എന്നതുകൊണ്ടാണ്. അവരെ കുറിച്ച് ഞാനും ഇനി പറഞ്ഞാൽ വളരെ ക്ലിഷേ ആയിരിക്കും. എന്നാലും ഇത്രയും വർഷമായി ഇൻഡസ്ട്രിയിൽ ഉണ്ടെങ്കിലും അവർ അത്രയും അച്ചടക്കത്തോടെയാണ് സെറ്റിൽ ഇരിക്കുന്നത്.
അവരുടെ നേട്ടങ്ങളെ കുറിച്ച് പറയുകയോ ഞാൻ വലിയ ആളാണ് എന്ന ചിന്തയോ ഒന്നും അവർക്കില്ല. അതുപോലെതന്നെ എടുത്ത് പറയേണ്ടതാണ് സിനിമക്ക് വേണ്ടി അവർ എടുക്കുന്ന എഫേർട്ട്. രജിനി സാറിനെ കുറിച്ച് പറയുകയാണെങ്കിൽ നാളെയാണ് ഷൂട്ട് എങ്കിലും അദ്ദേഹം ഇന്ന് രാവിലെ മുതലേ സെറ്റിൽ ഉണ്ടാകും. അടുത്ത രാവിലെ സീനിൽ എന്താണ് ചെയ്യുന്നതെന്ന് 11 മണിവരെ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കും.
അദ്ദേഹത്തിൻ്റെ കൂടെ ഞാൻ രണ്ട് സിനിമയാണ് ചെയ്തിട്ടുള്ളത്. അതെല്ലാം ചെയ്യുമ്പോൾ തന്നെ രാത്രി 12 മണി ആയലും എൻ്റെ ഫോണിലേക്ക് അദ്ദേഹം വിളിക്കും. ‘സാർ ഈ സീനിൽ ഇങ്ങനെ ചെയ്യട്ടെ’ എന്നൊക്കെ ചോദിക്കും. വെളുക്കുന്നതുവരെയും അവർ ഈ സീനിനെ കുറിച്ചാണ് ആലോചിക്കുന്നത്. കമൽ സാറും അങ്ങനെയാണ്. ഓരോ സീനും അദ്ദേഹത്തിന് വിവരിച്ച് കൊടുക്കണം. അപ്പോൾ നമ്മുടെ അടുത്ത് ഓരോ ചോദ്യങ്ങൾ ചോദിക്കും. ആ സംശയം തീർത്തുകൊടുക്കാൻ നമ്മൾ അത്രയും ക്ലിയർ ആയിരിക്കണം,’ സുന്ദർ. സി പറയുന്നു.
Content Highlight: Sundar C Talks About Rajinikanth And Kamal Haasan