മികച്ച കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച നടി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആമിര്‍ ഖാന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് മാല പാര്‍വതി ബോളിവുഡില്‍ അരങ്ങേറിയത്.
കൈരളി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ മോണിങ് ഷോ അവതാരകയായും നടി പ്രവര്‍ത്തിച്ചിരുന്നു. ഒപ്പം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ബാവൂട്ടിയുടെ നാമത്തില്‍, ഭീഷ്മ പര്‍വം, ഇഷ്‌ക്, കൂടെ തുടങ്ങിയ സിനിമകളിലും മാസ്റ്റര്‍പീസ് എന്ന വെബ് സീരീസ് ഉള്‍പ്പെടെയുള്ളവയിലും മാല പാര്‍വതി അഭിനയിച്ചിട്ടുണ്ട്.
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ 2017 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗോദ. സിനിമയില്‍ മാല പാര്‍വതിയും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വതി.
താന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ബേസില്‍ എന്നും അദ്ദേഹം വളരെ നല്ല ഒരു അഭിനേതാവും സംവിധായകനുമാണെന്നും അവര്‍ പറയുന്നു. ഗോദ സിനിമ ചെയ്യുന്ന സമയത്ത് താന്‍ കഥാപാത്രത്തിന് തന്റേതായ ഇന്റര്‍പ്രട്ടേഷന്‍ ഒന്നും കൊടുക്കുന്ന സാഹചര്യമായിരുന്നില്ലെന്നും മാല പാര്‍വതി പറയുന്നു. ഗോദയില തന്റെ കഥാപാത്രത്തിന്റെ ചിരി പോലും എങ്ങനെ വേണമെന്ന് ബേസില്‍ പറയുമായിരുന്നെന്നും പിന്നീട് തനിക്ക് ആ കഥാപാത്രത്തെ എങ്ങനെ ചെയ്യണമെന്ന വ്യക്തമായി മനസിലായെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയില്‍ സംസാരിക്കുകയായിരുന്നു മാല പാര്‍വതി.
‘ഗോദയൊന്നും ചെയ്യുമ്പോള്‍ ഞാന്‍ എന്റെ ഇന്റര്‍പ്രട്ടേഷന്‍ ഒന്നും ക്യാരക്ടറിലേക്ക് കൊണ്ട് വരുന്ന അവസ്ഥയില്‍ എത്തിയിരുന്നില്ല സിനിമയില്‍. ഞാന്‍ പഠിച്ചോണ്ടിരിക്കുന്ന സമയമായിരുന്നു സിനിമയില്‍. ഗോദയിലെ എന്റെ കഥാപാത്രത്തിന്റെ ചിരി പോലും ബേസിലിന് അറിയാമായിരുന്നു. ഇത്രയേ ചിരിക്കാവൂ, അത്രയേ ചിരിക്കാവൂ, എന്നൊക്കെ പറയും. അത് ഞാന്‍ അങ്ങനെ ചെയ്ത ഒരു ക്യാരക്ടര്‍ ആണ്. കുറച്ച് കഴിഞ്ഞപ്പോള്‍ ആക്യാരക്ടര്‍ എങ്ങനെ ചെയ്യണമെന്ന് പിടി കിട്ടി. ഞാന്‍ ഭയങ്കര റെസ്പക്റ്റ് ചെയ്യുന്ന ഒരാളാണ് ബേസില്‍. നല്ല ആക്ടറുമാണ് നല്ല ട്രെയിനറുമാണ്. ഡയറക്ടറുമാണ്,’ മാല പാര്‍വതി പറഞ്ഞു.
Content Highlight: Mala parvathy about basil joseph