IPL
അവനാണ് ഛോട്ടാ കെവിന്‍ പീറ്റേഴ്‌സണ്‍! മഴയെടുത്ത കളിയില്‍ ഇടിവെട്ടുമായി തിളങ്ങിയവനെ പ്രശംസിച്ച് സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 27, 11:15 am
Sunday, 27th April 2025, 4:45 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മോശം കാലാവസ്ഥ മൂലം ഉപേക്ഷിച്ചിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ പഞ്ചാബ് ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹോം ടീം ആദ്യ ഓവര്‍ ബാറ്റ് ചെയ്ത് പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ രസംകൊല്ലിയായി മഴയെത്തുകയായിരുന്നു.

മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു.

ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും പ്രിയാന്‍ഷ് ആര്യയുടെയും വെടിക്കെട്ടിന്റെ കരുത്തിലാണ് പഞ്ചാബ് മികച്ച സ്‌കോറിലെത്തിയത്. പ്രഭ്‌സിമ്രാന്‍ 49 പന്തില്‍ 83 റണ്‍സ് നേടിയപ്പോള്‍ 35 പന്തില്‍ 69 റണ്‍സ് നേടിയാണ് പ്രിയാന്‍ഷ് ആര്യ മടങ്ങിയത്.

കൊല്‍ക്കത്തയ്‌ക്കെതിരായ മികച്ച പ്രകടനത്തിന് പിന്നാലെ പ്രഭ്രിസിമ്രാന്‍ പുകഴ്ത്തുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. കെവിന്‍ പീറ്റേഴ്‌സണിന്റെ ചെറിയ പതിപ്പെന്നാണ് ചിന്നത്തല പ്രഭ്‌സിമ്രാനെ വിശേഷിപ്പിച്ചത്.

‘അവനൊരു ഛോട്ടാ കെവിന്‍ പീറ്റേഴ്‌സണാണ്, അവന്‍ പീറ്റേഴ്‌സണെ പോലെയാണ് ബാറ്റ് ചെയ്യുന്നത്. സ്പിന്നര്‍മാരെ അറ്റാക് ചെയ്ത പ്രഭ്, മിഡില്‍ ഓര്‍ഡറുകളില്‍ മത്സരത്തിന്റെ മൊമെന്റം തന്നെ മാറ്റിമറിച്ചു.

പഞ്ചാബ് മത്സരം വിജയിക്കുകയും രണ്ട് പോയിന്റ് സ്വന്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ അത് അവനെ ഏറെ സന്തോഷം നല്‍കിയേനെ. അവരുടെ (പഞ്ചാബ് കിങ്‌സ്) ഓപ്പണര്‍മാരാണ് ആക്രമണം മുമ്പില്‍ നിന്നും നയിക്കുന്നത്. തങ്ങളുടെ ടീമിന് വേണ്ടി ഐ.പി.എല്‍ കിരീടം നേടണമെന്ന അതിയായ മോഹമാണ് അവര്‍ക്കുള്ളത്,’ സുരേഷ് റെയ്‌ന പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പഞ്ചാബ് കിങ്സിനായി ആദ്യ വിക്കറ്റില്‍ പ്രഭ്സിമ്രാനും പ്രിയാന്‍ഷ് ആര്യയും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 120ല്‍ നില്‍ക്കവെ പ്രിയാന്‍ഷിനെ മടക്കി കരീബിയന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആന്ദ്രേ റസല്‍ ടീമിനാവശ്യമായ ബ്രേക് ത്രൂ നല്‍കി. 35 പന്തില്‍ 69 റണ്‍സുമായി നില്‍ക്കവെ വൈഭവ് അറോറക്ക് ക്യാച്ച് നല്‍കിയാണ് പ്രിയാന്‍ഷ് കളം വിട്ടത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിനൊപ്പം രണ്ടാം വിക്കറ്റില്‍ 40 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയ ശേഷം പ്രഭ്സിമ്രാനും മടങ്ങി. 49 പന്തില്‍ 83 റണ്‍സാണ് പ്രഭ്സിമ്രാന്‍ സ്വന്തമാക്കിയത്.

ഗ്ലെന്‍ മാക്‌സ്‌വെല്ലും മാര്‍കോ യാന്‍സെനും ഒറ്റയക്കത്തിന് മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ 16 പന്തില്‍ 25 റണ്‍സും ജോഷ് ഇംഗ്ലീസ് ആറ് പന്തില്‍ 11 റണ്‍സുമായും പുറത്താകാതെ നിന്നു.

ഒടുവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 201ലെത്തി.

കൊല്‍ക്കത്തയ്ക്കായി വൈഭവ് അറോറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ആന്ദ്രേ റസലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ആദ്യ ഓവറില്‍ ഏഴ് റണ്‍സുമായി നില്‍ക്കവെയാണ് മഴയെത്തിയതും മത്സരം ഉപേക്ഷിക്കപ്പെട്ടതും.

ഈ മത്സരത്തിന് പിന്നാലെ ഒമ്പത് മത്സരത്തില്‍ നിന്നും 11 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തെത്തി. ഏഴ് പോയിന്റുമായി കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ്.

ഏപ്രില്‍ 30നാണ് പഞ്ചാബിന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2025: Suresh Raina praises Prabhsimran Singh after his explosive batting performance against KKR