IPL
ധോണിക്ക് ഇപ്പോഴും ടീമിനെ കിരീടം ചൂടിക്കാം, എന്നാല്‍ അത് സാധിക്കാത്തതിന് ഒരേയൊരു കാരണം മാത്രം; തുറന്നടിച്ച് ആര്‍.പി. സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 27, 11:48 am
Sunday, 27th April 2025, 5:18 pm

ഐ.പി.എല്‍ 2025ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം സമയം തുടരകുയാണ്. കളിച്ച ഒമ്പത് മത്സരത്തില്‍ നിന്നും ഏഴ് തോല്‍വിയും രണ്ട് വിജയവുമായി നാല് പോയിന്റോടെ പത്താം സ്ഥാനത്താണ് സൂപ്പര്‍ കിങ്‌സ്.

തോല്‍വിക്ക് പിന്നാലെ എം.എസ്. ധോണിക്കെതിരെ മുന്‍ താരങ്ങളടക്കം വിമര്‍ശനമുന്നയിച്ചിരുന്നു. ടീമില്‍ താരത്തിന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്തുകൊണ്ടാണ് പലരും രംഗത്തെത്തിയത്.

എന്നാല്‍ ഈ സാഹചര്യത്തില്‍ ധോണിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ആര്‍.പി. സിങ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ച് കിരീടം നേടിയതിന്റെ ഏക കാരണം എം.എസ്. ധോണിയെന്നാണ് ആര്‍.പി. സിങ് പറയുന്നത്.

എപ്പോള്‍ ഒരു ബൗളറെ ഇന്‍ട്രോഡ്യൂസ് ചെയ്യണമെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ഓരോ ബാറ്ററുടെയും റോള്‍ വളരെ നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കി നല്‍കുമായിരുന്നു എന്നും സിങ് പറഞ്ഞു.

‘ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അഞ്ച് ഐ.പി.എല്‍ കിരീടങ്ങളുടെയും എല്ലാ ക്രെഡിറ്റും എം.എസ്. ധോണിക്ക് മാത്രം അവകാശപ്പെട്ടതാണ്. വിക്കറ്റ് നേടുന്നതിനായി ഒരു പ്രത്യേക ബൗളറെ എപ്പോള്‍ കൊണ്ടുവരണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ബാറ്റര്‍മാര്‍ക്ക് അവരുടെ റോളിനെ കുറിച്ച് നേരത്തെ തന്നെ വ്യക്തമായ ധാരണയും നല്‍കുന്നു.

ഓരോ വര്‍ഷവും അദ്ദേഹം ടീമിനെ മുമ്പോട്ട് കൊണ്ടുപോവുകയും താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുപ്പിക്കുകയും ചെയ്യുന്നു. ധോണിക്ക് ഇപ്പോഴും ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ സാധിക്കും, എന്നാല്‍ ടീമിലെ മറ്റ് താരങ്ങള്‍ അത്ര കണ്ട് മികച്ചതല്ല,’ ആര്‍.പി. സിങ് പറഞ്ഞു.

‘സുദീര്‍ഘമായ ടീം മീറ്റിങ്ങുകളിലൊന്നും ധോണി വിശ്വസിക്കുന്നില്ല, ഇവരെല്ലാം തന്നെ അന്താരാഷ്ട്ര താരങ്ങളാണെന്നും തങ്ങളുടെ റോളിനെ കുറിച്ച് അവര്‍ക്കെല്ലാം കൃത്യമായ ധാരണയുണ്ടെന്നുമാണ് അദ്ദേഹം പറയാറുള്ളത്.

ഒരു തരത്തിലുമുള്ള മുന്നൊരുക്കങ്ങളും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറില്ല. കളിക്കളത്തില്‍, മത്സരത്തിനിടെയാണ് അദ്ദേഹത്തിന്റെ എല്ലാ തന്ത്രങ്ങളും പിറവിയെടുക്കുന്നത്,’ മുന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് സൂപ്പര്‍ പേസര്‍ വ്യക്തമാക്കി.

ഏപ്രില്‍ 30നാണ് സൂപ്പര്‍ കിങ്‌സിന്റെ അടുത്ത മത്സരം. പ്ലേ ഓഫ് ലക്ഷ്യം വെക്കുന്ന പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയമാണ് വേദി.

 

Content Highlight: IPL 2025: RP Singh talks about MS Dhoni