national news
ദല്‍ഹിയില്‍ വന്‍ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ വെന്തുമരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 12:41 pm
Sunday, 27th April 2025, 6:11 pm

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ രോഹിണിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു. 800 മുതല്‍ 1000ത്തോളം കുടിലുകള്‍ അഗ്നിക്കിരയായിട്ടുണ്ട്.

തീപ്പിടുത്തതിന് പിന്നിലെ കാരണം വ്യക്തമല്ല. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രോഹിണിയിലെ സെക്ടര്‍ 17ലാണ് തീപ്പിടുത്തം ഉണ്ടായത്. ഇവിടെ കുടിലുകള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ തീ വളരെ വേഗം ആളിപ്പടരുകയായിരുന്നു.

ഉച്ചയ്ക്ക് 2.05ഓടെയാണ് മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, കാണാതായ മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ദല്‍ഹി ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രദേശത്ത് തീപ്പിടിച്ചതായി രാവിലെ 11.55നാണ് അവര്‍ക്ക് ഒരു വിവരം ലഭിച്ചത്. ഉടന്‍ തന്നെ 20 ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സ്ഥലത്തെത്തി.

തീ പടര്‍ന്നതോടെ പെട്രോളിയം സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കി. തീപ്പിടുത്തത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

3.20 ഓടെ തീയുടെ ഭൂരിഭാഗവും അണച്ചതായി ഫയര്‍ ഫോഴ്‌സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം ദല്‍ഹിയിലെ മറ്റൊരു സ്ഥലത്ത് തീപ്പിത്തമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ദല്‍ഹിയിലെ ലക്ഷ്മി നഗറിനും ഐ.ടി.ഒയ്ക്കും ഇടയിലുള്ള വനമേഖലയിലാണ് തീപിടുത്തമുണ്ടായത്.

Content Highlight: Massive fire breaks out in Delhi; Two children burnt to death