ഇന്ത്യ-ശ്രീലങ്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ കഴിഞ്ഞ ദിവസം ആദ്യ മത്സരത്തില്‍ ഇന്ത്യ 43 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. പല്ലേക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് ശ്രീലങ്കയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് പുറത്താവുകയായിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരം ഇന്നാണ് നടക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യന്‍ താരം യശ്വസി ജെയ്‌സ്വാളിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. മത്സരത്തില്‍ ഏഴ് റണ്‍സ് കൂടി നേടാന്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തിന് സാധിച്ചാല്‍ 2024ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 1000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്കാവും ജെയ്‌സ്വാള്‍ നടന്നുകയറുക.
ഈ വര്‍ഷത്തില്‍ 12 മത്സരങ്ങളില്‍ നിന്നും 66.20 ആവറേജില്‍ 993 റണ്‍സ് ആണ് ജെയ്സ്വാള്‍ ഇതിനോടകം തന്നെ നേടിയിട്ടുള്ളത്. അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ജെയ്‌സ്വാള്‍.
എന്നാല്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നിട്ടുപോലും ഈ പട്ടികയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ജെയ്സ്വാള്‍ ആണെന്നുള്ളതാണ് ശ്രദ്ധേയമാവുന്നത്. ലോകകപ്പ് കഴിഞ്ഞതിനുശേഷം നടന്ന സിംബാബ് വേക്കെതിരെയുള്ള പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും 141 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.
2024 ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡീസാണ്. ഇതിനോടകം തന്നെ 878 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. അതുകൊണ്ടുതന്നെ 122 റണ്‍സ് കൂടി നേടാന്‍ കുശാലിന് സാധിച്ചാല്‍ 1000 റണ്‍സ് നേട്ടത്തിലെത്താന്‍ സാധിക്കും.
അതേസമയം ആദ്യ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച ടോട്ടല്‍ നേടിയത്. 26 പന്തില്‍ 58 റണ്‍സ് നേടി കൊണ്ടായിരുന്നു സൂര്യയുടെ മിന്നും പ്രകടനം. എട്ട് ഫോറുകളും രണ്ട് സിക്സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
33 പന്തില്‍ 49 റണ്‍സ് നേടി പന്തും 21 പന്തില്‍ 40 റണ്‍സ് നേടി യശസ്വി ജെയ്സ്വാളും മികച്ച പ്രകടനമാണ് നടത്തിയത്. ആറ് ഫോറുകളും ഒരു സിക്സുമാണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മറുഭാഗത്ത് അഞ്ച് ഫോറുകളും രണ്ട് സിക്സുകളുമാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. 16 പന്തില്‍ 34 റണ്‍സ് നേടി ശുഭ്മന്‍ ഗില്ലും നിര്‍ണായകമായി. ആറ് ഫോറുകളും ഒരു സിക്സുമാണ് ഗില്‍ നേടിയത്.
Content Highlight: Yashasvi Jaiswal Need 7 Runs To Compleate 1000 International Runs in 2024