ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായിരുന്നു ആസിഫ് അലി നായകനായ രേഖാചിത്രം. പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. ഡ്രാമ ത്രില്ലര്‍ ഴോണറില്‍ എത്തിയ രേഖാചിത്രം ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിയായിട്ടാണ് കഥ പറഞ്ഞത്.
മനോജ് കെ. ജയനായിരുന്നു ചിത്രത്തില്‍ വില്ലനായി എത്തിയത്. വിന്‍സെന്റ് എന്ന വക്കച്ചനായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. വക്കച്ചന്റെ ചെറുപ്പം അഭിനയിച്ചത് നടന്‍ ഉണ്ണിലാലു ആയിരുന്നു. ഇപ്പോള്‍ രേഖാചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് മനോജ് കെ. ജയന്‍.
സിനിമയില്‍ തന്റെ സീനുകള്‍ വേറെയും ഉണ്ടായിരുന്നുവെന്നും എന്നാല്‍ അത് എഡിറ്റ് ചെയ്യുമ്പോള്‍ ട്രിം ആയി പോകുകയായിരുന്നുവെന്നുമാണ് നടന്‍ പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ ലൗലിയുടെ പ്രൊമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു നടന്‍.
വക്കച്ചന്‍ എന്ന തന്റെ കഥാപാത്രത്തെ ഇനിയും കുറച്ചുകൂടെ എക്‌സ്‌പ്ലോര്‍ ചെയ്യാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആ കഥാപാത്രത്തിനും സിനിമക്കും ആവശ്യമായ സംഭവമെല്ലാം സിനിമയില്‍ ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു.
‘രേഖാചിത്രം മൊത്തത്തില്‍ ഒരു കുറ്റാന്വേഷണ ഡ്രാമ സിനിമയല്ലേ. അപ്പോള്‍ അതിന്റെ അകത്ത് എന്റെ വക്കച്ചന്‍ എന്ന കഥാപാത്രത്തെ അധികം കാണിച്ചു പോകാന്‍ പറ്റില്ലല്ലോ. അതിനുള്ള സാധ്യത സ്‌ക്രിപ്റ്റില്‍ ഇല്ല. എന്റെ സീനുകള്‍ അതില്‍ വേറെയും ഉണ്ടായിരുന്നു.
രണ്ടുമൂന്ന് സീനുകള്‍ കൂടെയാണ് ഉണ്ടായിരുന്നത്. അത് അവസാനം എഡിറ്റ് ചെയ്യുമ്പോള്‍ ട്രിം ആയി പോകുകയായിരുന്നു. പക്ഷെ അപ്പോഴും ആ കഥാപാത്രത്തിനും സിനിമക്കും ആവശ്യമായ സംഭവമെല്ലാം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. വക്കച്ചന് ആവശ്യമായതെല്ലാം ഉണ്ട്. മാത്രമല്ല, ആ കഥാപാത്രത്തിന്റെ ചെറുപ്പവും സിനിമയില്‍ കാണിക്കുന്നുണ്ടല്ലോ.
ഉണ്ണിലാലുവാണ് ചെയ്തതെങ്കിലും വക്കച്ചന്‍ തന്നെയാണല്ലോ അത്. പണ്ട് നടന്ന കാര്യങ്ങളൊക്കെ കാണിക്കുന്നുണ്ട്. കൊലപാതകവും ബോഡി കുഴിച്ചിടുന്നതുമൊക്കെ കാണിക്കുന്നുണ്ട്. അതേ വക്കച്ചനെ തന്നെയാണല്ലോ പ്രായമായി മെച്ചുവേര്‍ഡ് ആയിട്ട് ബിസിനസ്മാനായി കാണിക്കുന്നത്,’ മനോജ് കെ. ജയന്‍ പറയുന്നു.
Content Highlight: Manoj K Jayan Talks About Rekhachithram Movie