Entertainment
ഓഡീഷനിൽ നിന്ന് റിജക്ഷന്‍ വന്നപ്പോൾ സിനിമയിലെത്താനുള്ള അടുത്ത വഴി അതായിരുന്നു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 06:14 am
Monday, 28th April 2025, 11:44 am

വെറും മൂന്ന് സിനിമകളിലൂടെ തന്നെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ മലയാളത്തിലെ സാക്ഷാൽ മോഹൻലാലിനെ വെച്ച് തുടരും എന്ന ചിത്രവും. ചിത്രം ഏപ്രിൽ 25നാണ് തിയേറ്ററിൽ എത്തിയത്. തിയേറ്ററിലെത്തിയതുമുതല്‍ മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സംവിധായകനായതിനെക്കുറിച്ച് സംസാരിക്കുകയാണ് തരുൺ മൂർത്തി.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയാല്‍ പെട്ടെന്ന് സിനിമയിലെത്താം എന്നായിരുന്നു തൻ്റെ ധാരണയെന്നും എന്നാൽ അവിടെ പോയാൽ സിനിമയിലെത്തില്ല. അതിനാദ്യം വേണ്ടത് അനുഭവങ്ങളാണ് എന്നാണ് അച്ഛൻ പറഞ്ഞതെന്നും തരുൺ പറയുന്നു.

വീട്ടുകാരുടെ നിര്‍ബന്ധത്തിലാണ് ബി. ടെക് പഠിക്കാന്‍ പോയതെന്നും അതുകഴിഞ്ഞപ്പോൾ ജോലിയായില്ലേ എന്ന ചോദ്യത്തിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് എം. ടെക് പഠിക്കാന്‍ പോയതെന്നും തരുൺ പറഞ്ഞു.

എം. ടെക് കഴിഞ്ഞപ്പോഴേക്കും ഓഡീഷന്‍സ് അറ്റന്‍ഡ് ചെയ്തുതുടങ്ങിയെന്നും ഓഡീഷനിൽ നിന്ന് റിജക്ഷന്‍ വന്നുകഴിഞ്ഞപ്പോള്‍ സിനിമയില്‍ എത്താനുള്ള അടുത്ത വഴിയായിരുന്നു തിരക്കഥയെന്നും തരുൺ വ്യക്തമാക്കി.

ആര്‍ക്കാണ് സിനിമയില്‍ തീരുമാനം എടുക്കാന്‍ പറ്റുകയെന്നാണ് പിന്നെ ചിന്തിച്ചതെന്നും അത് നിര്‍മാതാവിനും സംവിധായകനും മാത്രമാണെന്നും അങ്ങനെയാണ് സംവിധാനത്തിലേക്ക് എത്തുന്നതെന്നും തരുൺ കൂട്ടിച്ചേർത്തു. എഡിറ്റോറിയലിലോട് സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.

‘പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയാല്‍ പെട്ടെന്ന് സിനിമയിലെത്താം എന്ന് പറയുന്ന ധാരണയില്‍ നിന്നൊരാളാണ്. അന്ന് അച്ഛനോടൊക്കെ പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചതുകൊണ്ട് നീ സിനിമാക്കാരൻ ആകില്ല. അല്ലെങ്കില്‍ സിനിമയിലെത്തില്ല. അതിനാദ്യം വേണ്ടത് അനുഭവങ്ങളാണ്.

അപ്പോള്‍ ആ കാലത്തിന്റെ സ്‌പെഷ്യലായിരുന്നു ബി. ടെക് എടുക്കുക എന്നുള്ളത്. വീട്ടുകാരുടെ നിര്‍ബന്ധത്തിലാണ് ബി. ടെക് പഠിക്കാന്‍ പോയത്. പഠിച്ചുകഴിഞ്ഞപ്പോള്‍ ജോലിയായില്ലേ എന്ന ചോദ്യത്തില്‍ നിന്നും രക്ഷപെടാനാണ് എം. ടെക് പഠിക്കാന്‍ പോയത്.

എം. ടെക് കഴിഞ്ഞപ്പോഴേക്കും തിരക്കഥകളൊക്കെ എഴുതിത്തുടങ്ങി. ഓഡീഷന്‍സ് അറ്റന്‍ഡ് ചെയ്തുതുടങ്ങി. ഓഡീഷന്‍സ് നിന്ന് റിജക്ഷന്‍ വന്നുകഴിഞ്ഞപ്പോള്‍ സിനിമയില്‍ എത്താനുള്ള അടുത്ത വഴിയായിരുന്നു തിരക്കഥ.

അപ്പോള്‍ കുറച്ചുകൂടി ഫ്രീഡം കിട്ടുമല്ലോ? ആര്‍ക്കാണ് സിനിമയില്‍ തീരുമാനം എടുക്കാന്‍ പറ്റുകയെന്നാണ് പിന്നെ ചിന്തിച്ചത്. അത് നിര്‍മാതാവിനും സംവിധായകനും മാത്രമാണ്. അപ്പോള്‍ നിര്‍മാതാവാകാനുള്ള പണമൊന്നും നമ്മുടെ കയ്യില്‍ ഇപ്പോഴില്ല. അതുകൊണ്ട് സംവിധായകനായി. അങ്ങനെയാണ് സംവിധാനത്തിലേക്ക് എത്തുന്നത്, തരുൺ പറയുന്നു.

Content Highlight: When I got rejected from an audition, that was the next way to get into films says Tharun Moorthy