മുംബൈ: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവും ലോക്സഭ എം.പിയുമായ അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ സാധാരണക്കാരായ പൗരന്മാരെ കൊന്നുകൊണ്ട് പാകിസ്ഥാന്‍ തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസിനെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് ഒവൈസി ആരോപിച്ചു.
പാകിസ്ഥാന്‍ പലപ്പോഴും ആണവശക്തിയെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും എന്നാല്‍ ഒരു രാജ്യത്ത് അതിക്രമിച്ച് കയറി നിരപരാധികളെ കൊന്നാല്‍ ആ രാജ്യം വെറുതെ ഇരിക്കില്ലെന്ന കാര്യം അവര്‍ മനസിലാക്കിയില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിലെ പര്‍ഭാനിയിലെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പാകിസ്ഥാന്‍ എപ്പോഴും ഒരു ആണവ രാജ്യമാണെന്ന് പറയാറുണ്ട്. ഒരു രാജ്യത്ത് അതിക്രമിച്ചു കയറി അവിടുത്തെ നിരപരാധികളായ ആളുകളെ കൊന്നാല്‍ ആ രാജ്യം നിശബ്ദമായിരിക്കില്ലെന്ന് അവര്‍ ഓര്‍ക്കണം. ഏത് സര്‍ക്കാരായാലും ആളുകളെ മതം ചോദിച്ച് കൊല്ലുന്നത് എന്ത് ദീനിന്റെ പേരിലാണ്. നിങ്ങള്‍ ഐ.എസ്.ഐ.എസിനെപ്പോലെയാണ് പ്രവര്‍ത്തിച്ചത്,’ ഒവൈസി ചോദിച്ചു.
ഏപ്രില്‍ 22നുണ്ടായ പഹല്‍ഗാം ആക്രമണത്തില്‍ വിനോദസഞ്ചാരികളുള്‍പ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ലഷ്‌കര്‍-ഇ-തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള ഷിംല, സിദ്ധു നദീജല കരാറില്‍ നിന്നെല്ലാം പിന്‍വാങ്ങിയിരുന്നു.
ഭീകരാക്രമണവുമായി ബന്ധമുള്ള 15 ലക്ഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ സുരക്ഷ സേന കണ്ടുപിടിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ പങ്കാളികളായ ഭീകരര്‍ക്ക് ആയുധം എത്തിച്ച് നല്‍കിയ നാല് പേരെയടക്കമാണ് സൈന്യം കണ്ടെത്തിയതെന്നാണ് സൂചന.
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ സ്വതന്ത്രമായ അന്വേഷണത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള അന്വേഷണം വേണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഒരു അമേരിക്കന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തെളിവോ അന്വേഷണമോ ഇല്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെ ശിക്ഷിക്കാന്‍ നടപടികള്‍ സ്വീകരിച്ചതെന്നും ഖ്വാജ ആസിഫ് അഭിമുഖത്തിനിടെ ആരോപിച്ചു. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും കാരണം യുദ്ധമുണ്ടാവുന്നത് ഈ മേഖലയ്ക്ക് താങ്ങില്ലെന്നും ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാമില്‍ നടന്ന ഭീക്രരാക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം പാകിസ്ഥാന്‍ നിഷേധിച്ചു.
Content Highlight: Pahalgam terror attack; Pakistan acted like ISIS: Asaduddin Owaisi