Kerala News
വീടിന് മുന്നില്‍ പൊട്ടിയത് ഓലപ്പടക്കമല്ല, പൊലീസിന്റെ സംരക്ഷണം കരുതിയല്ല ഇത്രയും കാലമായി പൊതുപ്രവര്‍ത്തനം നടത്തുന്നത്: ശോഭ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 06:58 am
Monday, 28th April 2025, 12:28 pm

തൃശൂര്‍: വീടിന് മുമ്പില്‍ സ്‌ഫോടന ശബ്ദമുണ്ടായ സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. വീടിന് മുമ്പില്‍ പൊട്ടിയത് ഓലപ്പടക്കമല്ലെന്നാണ് ശോഭ സുരേന്ദ്രന്റെ വാദം.

വിഷുവിനോ ഈസ്റ്ററിനോ വാങ്ങിയ പടക്കത്തിന്റെ ബാക്കി പൊട്ടിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയതെന്നും പൊലീസ് സംരക്ഷണം തരുമെന്ന് കരുതിയല്ല താന്‍ പൊതുപ്രവര്‍ത്തനം നടത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസ് അധികാരികളുടെ ഭാഗത്ത് നിന്നും വ്യക്തമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും പൊലീസ് സംരക്ഷമത്തിന് പുല്ല് വിലയെ താന്‍ നല്‍കുന്നുള്ളുവെന്നും നേതാവ് പറഞ്ഞു. പൊട്ടിയത് മാലപ്പടക്കമല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

സ്‌ഫോടനമുണ്ടായതിന് പിന്നാലെ തന്നെ അയല്‍വാസികളെല്ലാം ഓടി വന്നിരുന്നുവെന്നും അവര്‍ തന്നെ ഉഗ്രസ്‌ഫോനടമുണ്ടായതായി പറഞ്ഞിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അയല്‍വാസികളോട് അന്നേ ദിവസം തന്നെ സംസാരിച്ചിരുന്നുവെന്നും അവരെല്ലാം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരമറിയിച്ചതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയോടെയാണ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപത്ത് നിന്നും സ്ഫോടന ശബ്ദമുണ്ടായത്. പിന്നാലെ ബി.ജെ.പി നേതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസികള്‍ പടക്കം പൊട്ടിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.

ശോഭ സുരേന്ദ്രന്‍ സംഭവസ്ഥലത്ത് വീട്ടിലുണ്ടായിരുന്നു. പിന്നാലെ ബി.ജെ.പി നേതാക്കളെ ശോഭ സുരേന്ദ്രന്‍ ഇക്കാര്യം അറിയിക്കുകയും പിന്നാലെ നേതാക്കള്‍ സംഭവ വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു.

പിന്നാലെ തൃശൂര്‍ എ.സി.പി സലീഷ് എന്‍. ശങ്കരനടക്കമുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അയ്യന്തോളില്‍ പരിശോധന നടത്തുകയുമായിരുന്നു.

എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവത്തിന് പിന്നാലെ നടന്ന നാടകീയ രംഗങ്ങള്‍ പുറത്തുവന്നത്. ശോഭ സുരേന്ദ്രന്റെ തൊട്ടുമുമ്പിലുള്ള ഗേറ്റിന് സമീപത്ത് പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

അന്വേഷണത്തില്‍ ബൈക്ക് കടന്നുപോയതായും വിദ്യാര്‍ത്ഥികളാണ് ബൈക്കിലുണ്ടായിരുന്നതെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ ശോഭാ സുരേന്ദ്രന്റെ അടുത്തുള്ള വീട്ടിലെ യുവാവിനെ കാണാനാണ് എത്തിയതാണെന്നും പിന്നാലെ അവര്‍ ചെറിയ ഗുണ്ട് പൊട്ടിക്കുകയായിരുന്നുവെന്നും കണ്ടെത്തുകയുമായിരുന്നു.

പൊലീസിനെ പേടിച്ച് അയല്‍പക്കക്കാര്‍ മിണ്ടാതിരിക്കുകയായിരുന്നുവെന്നും മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നത് മൗനം തുടരാന്‍ കാരണമായെന്നും പൊലീസ് വിദ്യാര്‍ത്ഥികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചപ്പോള്‍ മനസിലാക്കുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ  കേസ് രജിസ്റ്റര്‍ ചെയ്ത് വിടുകയുമായിരുന്നു.

അതേസമയം ഈ വിഷയത്തില്‍ ബി.ജെ.പി പ്രകടനമടക്കം നടത്തിയിരുന്നു. നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പിന്നാലെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. ബി.ജെ.പിക്കാര്‍ തന്നെ ശോഭാ സുരേന്ദ്രനെ ആക്രമിക്കുകയായിരുന്നുവെന്നും അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും പറഞ്ഞിരുന്നു.

Content Highlight: It wasn’t a firecracker that exploded in front of the house, it’s not because of police protection that I’ve been doing public work for so long: Shobha Surendran