Advertisement
2025 IPL
പോയിന്റ് പട്ടിക നോക്കിയിട്ട് ഇനി കാര്യമില്ല, പ്രധാന ലക്ഷ്യം മറ്റൊന്ന്; രാജസ്ഥാന്‍ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 06:06 am
Monday, 28th April 2025, 11:36 am

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രാജസ്ഥാന്റെ തട്ടകമായ സവായി മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏഴ് പരാജയങ്ങള്‍ വഴങ്ങിയാണ് രാജസ്ഥാന്‍ സീസണിലെ 10ാം മത്സരത്തിന് ഒരുങ്ങുന്നത്.

അതേ സമയം പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യം വെക്കുന്നത്. വിജയം ഉറപ്പാക്കിയ മത്സരങ്ങളില്‍ പോലും രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ വിജയിച്ച് തിരിച്ചുവരാനാണ് രാജസ്ഥാന്‍ കച്ചമുറുക്കുന്നത്. അതേസമയം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്ക് ടീമിനെ ആശങ്കപ്പെടുത്തുന്നതാണ്.

ഗുജറാത്തിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ടീമിന്റെ ബൗളിങ് കോച്ച് ഷെയ്ന്‍ ബോണ്ട് സംസാരിച്ചിരുന്നു. പല മത്സരങ്ങളിലും 35 ഓവറോളം ടീമിന്റെ നിയന്ത്രണത്തിലായിരുന്നെന്നും എന്നാല്‍ കാര്യമായി മുതലെടുക്കാന്‍ സാധിച്ചില്ലെന്നും ബോണ്ട് പറഞ്ഞു. പോയിന്റ് പട്ടികയില്‍ ശ്രദ്ധ നല്‍കിയിട്ട് ഇനി കാര്യമില്ലെന്നും എന്നാല്‍ അഭിമാനത്തോടെ സീസണ്‍ അവസാനിപ്പിക്കുമെന്നും മുന്‍ താരം പറഞ്ഞു.

‘പല മത്സരങ്ങളിലും ഏകദേശം 35 ഓവറോളം ഞങ്ങള്‍ നിയന്ത്രണത്തിലായിരുന്നു എന്നതാണ് അംഗീകരിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. പക്ഷേ നിര്‍ണായക നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് നഷ്ടമായി. പോയിന്റ് പട്ടിക നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് എവിടെ എത്താമായിരുന്നു എന്ന് മനസിലാക്കുന്നു. പക്ഷേ ഇപ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ അര്‍ത്ഥമില്ല.

കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ എതിരാളികളെ പിന്തുടരാന്‍ കഴിയുന്ന സ്‌കോറില്‍ തളച്ചു. പക്ഷേ അവസരം മുതലെടുക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം, ഞങ്ങളുടെ ഹോം മത്സരങ്ങളില്‍ ഏതാണ്ട് എല്ലാ മത്സരങ്ങളും ഞങ്ങള്‍ വിജയിച്ചു. ഈ വര്‍ഷം സ്ഥിതി മാറി.

പല ടീമുകളും സ്വന്തം നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പാടുപെടുന്നു. ഇപ്പോള്‍ ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം അഭിമാനത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്നതാണ്. കളിക്കാരുടെ മനോഭാവവും കഠിനാധ്വാനവും അവസാനം വരെ നിലനില്‍ക്കും,’ ബോണ്ട് പറഞ്ഞു.

Content Highlight: IPL 2025: Shane Bond Talking About Rajasthan Royals In IPL