Kerala News
റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 07:27 am
Monday, 28th April 2025, 12:57 pm

കൊച്ചി: റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വേടന്റെ കൊച്ചിയിലെ വൈറ്റിലയ്ക്കടുത്തുള്ള ഫ്‌ളാറ്റില്‍ നിന്നാണ് അഞ്ച് ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

തൃപ്പൂണിത്തറ  പൊലീസാണ്‌ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയില്‍ വേടന്റെ ശരീരത്തില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ല. എന്നാല്‍  റെയ്ഡ് നടക്കുന്ന സമയത്ത് വേടന്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു.  വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. വേടന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റായിരുന്നു അത്. ഇന്നലെ രാത്രിയിലെ പ്രോഗ്രാം കഴിഞ്ഞാണ് സംഘം ഫ്‌ളാറ്റിലെത്തിയത്.

കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വേടനെ വിട്ടയയ്ക്കും.

2020 ല്‍ ‘വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ്’ എന്ന പേരില്‍ തന്റെ ആദ്യ മ്യൂസിക് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെട്ട റാപ്പറും ഗാനരചയിതാവുമാണ് വേടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയിലെ ‘കുതന്ത്രം’ എന്ന പാട്ടിന് വരികളെഴുതി അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.

ഇന്നലെ കൊച്ചിയില്‍ നിന്ന് തന്നെ ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമാ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരെയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. സംവിധായകര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിരുന്നു.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചെന്ന് ആരോപിച്ചാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇന്നലെ (ഞായര്‍) പുലര്‍ച്ചെ രണ്ട് മണിയോടെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് സ്‌പെഷല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്. സംവിധായകനും ഛായഗ്രഹകനുമായ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വെച്ച് കഞ്ചാവ് ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മൂവരും പിടിയിലായത്.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം ഫ്‌ളാറ്റിലെത്തിയത്.  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മൂവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയ ആളെ കസ്റ്റഡിയില്‍ എടുത്താല്‍ മൂവരേയും വീണ്ടും ചോദ്യം ചെയ്യും.

അതേസമയം ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും ഇന്ന് പൊലീസ് ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ കൂടിയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്തതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പൊലീസ് പരിശോധനക്കിടെ ഇറങ്ങി ഓടിയതിന് പിന്നാലെയാണ് ഷൈന്‍ അറസ്റ്റിലായത്. നിലവില്‍ ആലപ്പുഴ കഞ്ചാ
വ് കേസില്‍ അറസ്റ്റിലായ തസ്‌ലീമയുമായുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്.

Content Highlight: Cannabis found in rapper Vedan’s flat