Entertainment
'ചില സസ്‌പെന്‍സുകള്‍ കൂടിയുണ്ട്', ലാലേട്ടന്‍ വരും, വരാതിരിക്കാനാവില്ലല്ലോ; ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 28, 06:44 am
Monday, 28th April 2025, 12:14 pm

വലിയ ഹൈപ്പൊന്നും കൂടാതെ തിയേറ്ററിലെത്തിയ മോഹന്‍ലാല്‍ ചിത്രമാണ് തുടരും.

ഹൈപ്പ് കൊടുക്കാതിരിക്കാന്‍ തരുണ്‍ മൂര്‍ത്തിയും അണിയറ പ്രവര്‍ത്തകരും പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍-ശോഭന കോമ്പോ എന്നത് തന്നെ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഹൈപ്പായിരുന്നു.

ഒപ്പം തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനില്‍ പ്രേക്ഷകര്‍ക്കുള്ള വിശ്വാസവും ഒരു തരത്തില്‍ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിരുന്നു.

എങ്കിലും സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖങ്ങളിലൊന്നും മോഹന്‍ലാലോ ശോഭനയോ വന്നിരുന്നില്ല.

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സഹസംവിധായകനും നടനുമായ ബിനു പപ്പുവും തന്നെയായിരുന്നു അഭിമുഖങ്ങളെല്ലാം നല്‍കിയത്.

സിനിമ റിലീസായി അതൊരു വലിയ വിജയമായ ഈ ഘട്ടത്തില്‍ മോഹന്‍ലാല്‍ നേരിട്ട് ഒരു അഭിമുഖം നല്‍കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ബിനു പപ്പു.

ഒപ്പം ചില സസ്‌പെന്‍സുകളെ കുറിച്ചും തുടരും എന്ന ചിത്രം മോഹന്‍ലാല്‍ ആര്‍ക്കൊപ്പമിരുന്നാണ് കണ്ടതെന്നും ബിനു പപ്പു കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

സിനിമയുടെ മുന്‍പോട്ടുള്ള പ്രൊമോഷന്‍ പ്ലാന്‍ എന്താണെന്നും ലാലേട്ടന്‍ വരുന്നുണ്ടോ എന്നുമുള്ള ചോദ്യത്തിന് ‘പറയില്ലെ’ന്നായിരുന്നു തമാശ രൂപേണയുള്ള ബിനു പപ്പുവിന്റെ ആദ്യ മറുപടി.

‘ ലാലേട്ടന്‍ കഴിഞ്ഞ ദിവസം രാത്രി പടം കണ്ടു. അദ്ദേഹം പൂനെയിലാണ് ഉള്ളത്. അവരുടെ ഹൃദയപൂര്‍ത്തിന്റെ ക്രൂവിനൊപ്പം ഇരുന്നാണ് പടം കണ്ടത്.

അവിടുത്തെ ഷൂട്ട് കഴിഞ്ഞാലേ നമുക്ക് ലാലേട്ടനെ ഇങ്ങോട്ട് പ്രതീക്ഷിക്കാന്‍ കഴിയുള്ളൂ. അത് നിര്‍ത്തിവെച്ച് ഇങ്ങോട്ട് വരൂ എന്ന് പറയാന്‍ പറ്റില്ലല്ലോ.

ലാലേട്ടന്‍ വരുന്നതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ കിടക്കുന്നുണ്ട്. ലാലേട്ടന്‍ വരണ്ടേ… നമ്മളെ പടത്തിന്റെ നെടുംന്തൂണല്ലേ.. മലയാള സിനിമയുടെ നെടുന്തൂണല്ലേ,’ ബിനു പപ്പു പറയുന്നുണ്ട്.

പ്രൊമോ സോങ് ഷൂട്ടിനിടെ തോള്‍ അല്‍പം കൂടി ചെരിക്കാമോ എന്ന് അദ്ദേഹത്തോട് ചോദിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ ബിനു പപ്പു പറയുന്നുണ്ട്.

‘തരുണ്‍ ആദ്യം ഒരു റൗണ്ട് പറയും. അതിന് ശേഷം എന്നേയും പെടുത്താറുണ്ട്. ബിനു ചേട്ടാ .. ചെല്ല് ചെല്ല് എന്ന് പറയും. ആദ്യത്തെ റൗണ്ട് തരുണ്‍ പോകും. പിന്നെ എന്നെ വിടും.

ഞാന്‍ പോയിട്ട് ലാലേട്ടാ… എന്ന് പറയുമ്പോള് മോനേ.. അത് ഏത് സൈഡിലേക്കായിരുന്നു മോനെ എന്ന് ചോദിക്കും. എന്റെ പൊന്നു ലാലേട്ടാ എന്ന് പറയുമ്പോള്‍ മോനെ ഞാനാണെന്ന് എല്ലാവര്‍ക്കും മനസിലാകുമല്ലോ എന്നെ പിന്നെ എന്തിനാണങ്ങനെ എന്ന് ചോദിക്കും.

ആഗ്രഹത്തിന്റെ പുറത്താണ് ലാലേട്ടാ.. ലാലേട്ടനുമായി ഇനി സിനിമ ചെയ്യുമോ എന്നറിയില്ലല്ലോ. അതുണ്ടാകട്ടേയെന്നാണ് ആഗ്രഹിക്കുന്നത്. പക്ഷേ നമുക്ക് കിട്ടുന്ന അവസരങ്ങള്‍ നമുക്ക് മിസ്സ് ചെയ്യാന്‍ പറ്റില്ലല്ലോ.

ഒരുപാട് സന്തോഷമാണ് ഇപ്പോള്‍ തോന്നുന്നത്. എല്ലാ തരം പ്രേക്ഷകരോടും നന്ദിയുണ്ട്. അങ്ങനെ ഒരു ക്ലാസ് വൈസ് അല്ല നമ്മള്‍ ഈ സിനിമയെ കണ്ടത്.

ജെന്‍സിയെ അങ്ങനെയൊന്നും തിരിച്ചിട്ടില്ല. എല്ലാവരും ഈ സിനിമ എന്‍ജോയ് ചെയ്യുന്നുണ്ട്. എല്ലാവരും കാണുന്നു എന്ന് അറിയുന്നതില്‍ തന്നെ ഒരുപാട് സന്തോഷം.

പിന്നെ തരുണ്‍ പറഞ്ഞ സ്ലീപ്പര്‍ സെല്‍ ആരാധകരും എല്ലാം. ഇന്നലെ അജു പോസ്റ്റിട്ടിരുന്നു. സ്ലീപ്പര്‍ സെല്‍ ഉണര്‍ന്നു എന്ന് പറഞ്ഞിട്ട്. കഴിഞ്ഞ ദിവസം ഞാന്‍ തരുണിനോട് ‘ചേട്ടായി ഇങ്ങനെ ഒരു ദിവസം പ്രതീക്ഷിച്ചിരുന്നില്ലായിരുന്നോ’ എന്ന് ചോദിച്ചപ്പോള്‍ യെസ് എന്ന് പറഞ്ഞു. പ്രാന്തന്‍ ഫാന്‍ ബോയ് ആണവന്‍,’ ബിനു പപ്പു പറഞ്ഞു.

Content Highlight: Actor Binu Pappu about some suspence and When Mohanlal Come