ബാക്കിയുള്ളവർ ഒന്ന്, ഇവൻ ഒറ്റക്ക് മൂന്നെണ്ണം; സെഞ്ച്വറി നഷ്ടത്തിലും ജെയ്‌സ്വാളിന് സ്വപ്നനേട്ടം
Cricket
ബാക്കിയുള്ളവർ ഒന്ന്, ഇവൻ ഒറ്റക്ക് മൂന്നെണ്ണം; സെഞ്ച്വറി നഷ്ടത്തിലും ജെയ്‌സ്വാളിന് സ്വപ്നനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 8:11 am

ഇന്ത്യ-സിംബാബ്‌വേ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാവാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യക്കായി യശ്വസി ജെയ്സ്വാളും ഗില്ലും ചേര്‍ന്ന് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ജെയ്സ്വാള്‍ 53 പന്തില്‍ 93 റണ്‍സാണ് നേടിയത്. 13 ഫോറുകളും രണ്ട് സിക്‌സുകളുമാണ് താരം നേടിയത്. ഗില്‍ 39 പന്തില്‍ 58 റണ്‍സും നേടി. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തിലെ മിന്നും പ്രകടങ്ങള്‍ക്ക് പിന്നാലെ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ജെയ്സ്വാള്‍ സ്വന്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്. 22ാം വയസിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമാവാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. മൂന്ന് തവണയാണ് താരം തന്റെ 22 വയസിനുള്ളില്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇതിന് മുമ്പ് രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഇര്‍ഫാന്‍ പത്താന്‍, പ്രക്യാന്‍ ഓജ, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ തവണയും ഈ നേട്ടം തങ്ങളുടെ 22 വയസില്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും തുഷാര്‍ ദേശ്പാണ്ഡെ, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

28 പന്തില്‍ 46 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസായാണ് സിംബാബ്‌വേ നിരയിലെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സുകളും സിക്‌സുകളും രണ്ട് ഫോറുകളുമാണ് റാസ നേടിയത്. റാസക്കു പുറമേ തടിവാ നശേ മരുമാണി 31 പന്തില്‍ 32 റണ്‍സുംവെസ്‌ലി മധേവേരെ 24 പന്തില്‍ 25 റണ്‍സും നേടി നിര്‍ണായകമായി.

ജയത്തോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ജൂലൈ 14ന് ഹരാരെയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

 

Content Highlight: Yashasvi Jaiswal Great Performance Against Zimbabwe