തുടര്‍ച്ചയായി രണ്ടാം ഫിഫ്റ്റി; ജെയ്‌സ്വാളിന്റെ ആറാട്ട്, കൂടെ നായകനും
Sports News
തുടര്‍ച്ചയായി രണ്ടാം ഫിഫ്റ്റി; ജെയ്‌സ്വാളിന്റെ ആറാട്ട്, കൂടെ നായകനും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 20th July 2023, 11:01 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിലേത് പോലെ ടോസ് തീരുമാനം പാളിയെന്നായിരിക്കും വിന്‍ഡീസ് ഇപ്പോള്‍ ചിന്തിക്കുന്നത്.

തുടക്കം മുതല്‍ മികച്ച രീതിയിലാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ ബാറ്റ് വീശുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും യുവതാരം യശസ്വി ജെയ്‌സ്വാളും അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിക്കുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്.

നിലവില്‍ 30 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 132 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ രോഹിത് ശര്‍മ 72 റണ്‍സും ജെയ്‌സ്വാള്‍ 52 റണ്‍സുമായി ക്രീസില്‍ തന്നെ നില്‍പ്പുണ്ട്. ആദ്യ മത്സരത്തിലും ഇരുവരുടെയും സെഞ്ച്വറിയാണ് ഇന്ത്യയെ അനായാസ വിജയത്തിലെത്തിച്ചത്.

എട്ട് ഫോറും ഒരു സിക്‌സറും നിലവില്‍ ജെയ്‌സ്വാള്‍ അടിച്ചിട്ടുണ്ട്. അത്രയും തന്നെ ഫോറും രണ്ട് സിക്‌സറുമാണ് രോഹിത് അടിച്ചുകൂട്ടിയത്. കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് ഇരുവരും കുറച്ചുകൂടെ അറ്റാക്കിങ് മൈന്‍ഡ്‌സെറ്റിലാണ് ഇന്ന് ബാറ്റ് വീശുന്നത്. 75 സ്‌ട്രൈക്ക് റേറ്റിലാണ് ജെയ്‌സ്വാള്‍ ബാറ്റ് വീശുന്നതെങ്കില്‍ 61 ആണ് രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

മത്സരത്തിന്റെ ഫലം തന്നെ നിയന്ത്രിക്കാന്‍ പറ്റുന്ന തരത്തിലുള്ള പാര്‍ട്ടനര്‍ഷിപ്പാണ് ഇരുവരും പടുത്തുയര്‍ത്തുന്നത്. ഇരുവരും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയിരുന്നു.

അതേസമയം രണ്ടാം മത്സരത്തില്‍ ഒരു മാറ്റവുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. പരിക്കേറ്റ ഷര്‍ദുല്‍ താക്കൂറിന് പകരം അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറാണ് കളത്തിലിറങ്ങിയത്. പേസ് ബൗളറായ മുകേഷ് കുമാര്‍ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്.

ആദ്യ മത്സരത്തില്‍ ഒരിന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി ആദ്യ ഇന്നിങ്‌സില്‍ 171 റണ്‍സ് നേടിയ ജെയ്‌സ്വാളാണ് കളിയിലെ താരമായത്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ആര്‍. അശ്വിന്‍ 12 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

Content Highlight: Yashasvi Jaiswal and Rohit Sharma is in Fire against  West Indies