പ്രശാന്ത് നീല്‍ തുടങ്ങിയിട്ടേയുള്ളൂ, എനിക്ക് അദ്ദേഹത്തെ ശരിക്ക് അറിയാം: യഷ്
Film News
പ്രശാന്ത് നീല്‍ തുടങ്ങിയിട്ടേയുള്ളൂ, എനിക്ക് അദ്ദേഹത്തെ ശരിക്ക് അറിയാം: യഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th April 2022, 4:47 pm

മികച്ച അഭിപ്രായവുമായി കെ.ജി.എഫ് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രശാന്ത് നീല്‍ എന്ന സംവിധായകന്റെ കാഴ്ചപ്പാട് കൂടിയാണ് ഒറ്റ സിനിമ കൊണ്ട് കന്നഡ സിനിമ ഇന്‍ഡസ്ട്രിയെ ഇത്രയും ഉയരങ്ങളില്‍ എത്തിച്ചത്.

പ്രശാന്ത് നീലിന് ചെയ്യുന്ന ജോലിയെ പറ്റി വ്യക്തമായ ധാരണയുണ്ടെന്നും ഇനിയും ഒരുപാട് ചെയ്യാനുള്ള കഴിവ് പ്രശാന്തിനുണ്ടെന്നും യഷ് പറയുന്നു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെറ്റിലെ ടീം ബോയ്‌സിനോട് പ്രശാന്ത് ചിലപ്പോള്‍ ദേഷ്യപ്പെടാറുണ്ട്. എന്നാല്‍ അവരെയാണ് പ്രശാന്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടം. കെ.ജി.എഫ് ടീം ലോകത്തിലെ ഏറ്റവും മികച്ച ഡിപാര്‍ട്ട്‌മെന്റാണ്.

പ്രശാന്തിന്റെ വഴക്ക് ഒരു തരത്തില്‍ മോട്ടിവേഷനാണ്. നിങ്ങള്‍ വിചാരിക്കുന്നത് ഞങ്ങള്‍ അപരിഷ്‌കൃതരാണെന്ന്. അത് തികച്ചും തെറ്റാണ്.

ദേഷ്യപ്പെടുന്നതൊക്കെ അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമാണ്. കപ്പലിന്റെ കപ്പിത്താനാണ് സംവിധായകന്‍. അദ്ദേഹം ചെയ്യുന്ന കാര്യങ്ങളില്‍ വളരെ വ്യക്തതയുള്ള ആളാണ്. പ്രശാന്ത് തുടങ്ങിയിട്ടേയുള്ളൂ. എനിക്ക് പ്രശാന്തിനെ ശരിക്കും അറിയാം. ഞങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുള്ള കഴിവ് പ്രശാന്തിനുണ്ട്,’ യഷ് പറഞ്ഞു.

അതേസമയം റിലീസ് ചെയ്ത് നാലാം ദിനം 500 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. ഈ പോക്ക് പോയാല്‍ അധികം വൈകാതെ 1000 കോടി ക്ലബ്ബിലേക്ക് ചിത്രം എത്തും. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളില്‍ കളക്ഷന്‍ റെക്കോഡ് ഇട്ട കെ.ജി.എഫിന് തമിഴില്‍ മാത്രമാണ് റെക്കോഡിടാനാവാത്തത്.

തമിഴ്നാട്ടിലെ മിക്ക സ്‌ക്രീനുകളിലും വിജയുടെ ബീസ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിനാലാണ് കെ.ജി.എഫിന് കളക്ഷനില്‍ ചെറിയ കുറവുണ്ടായത്.

ഒന്നാം ഭാഗത്തിന്റെയത്ര മികവ് പുലര്‍ത്താന്‍ രണ്ടാം ഭാഗത്തിനുമായ അപൂര്‍വ ചിത്രമാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. ബി.ജി.എമ്മും പാട്ടുകളും ഡയലോഗുകളും ആക്ഷന്‍ സീനുകളും ഗംഭീരമായപ്പോള്‍ ഓരോ അഭിനേതാക്കളും തങ്ങളുടെ റോള്‍ മികച്ചതാക്കി.

രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: yash says Prashant Neel has just started