വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും ബോക്‌സ് ഓഫീസില്‍ തേരോട്ടം നടത്തുകയാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. വിവാദഭാഗങ്ങള്‍ നീക്കം ചെയ്ത് റീ എഡിറ്റ് ചെയ്ത വേര്‍ഷന്‍ കുറച്ചുദിവസങ്ങള്‍ക്കകം തിയേറ്ററുകളിലെത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന് മുമ്പ് ചിത്രം കാണാന്‍ തിരക്കുകൂട്ടുകയാണ് സിനിമാപ്രേമികള്‍.
റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ സകല റെക്കോഡുകളും തകര്‍ത്ത് എമ്പുരാന്‍ മുന്നേറുകയാണ്. മോളിവുഡില്‍ ആദ്യദിനം തന്നെ 50 കോടിയ ആദ്യചിത്രം എന്ന നേട്ടത്തോടെയാണ് എമ്പുരാന്‍ തുടങ്ങിയത്. കേരളത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയ എമ്പുരാന്‍ വീക്കെന്‍ഡ് കളക്ഷനിലും ഒന്നാം സ്ഥാനത്താണ്.
ഏറ്റവും വേഗത്തില്‍ 50, 100, 150 കോടി ക്ലബ്ബുകളില്‍ ഇടംനേടിയ ചിത്രം ഇപ്പോഴിതാ 200 കോടിയും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് 200 കോടി ക്ലബ്ബിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. 200 കോടി കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മാത്രം മലയാളചിത്രമാണ് എമ്പുരാന്‍. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സാണ് 200 കോടി ക്ലബ്ബില്‍ ഇടംനേടിയ ആദ്യ മലയാളചിത്രം.
മലയാളത്തിലെ പല താരങ്ങള്‍ക്കും സാധിക്കാത്ത വലിയ നേട്ടങ്ങള്‍ എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഓവര്‍സീസില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ മലയാളചിത്രമായി മാറാന്‍ എമ്പുരാന് സാധിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സ് 72 കോടിയെ വെറും മൂന്ന് ദിവസം കൊണ്ടാണ് എമ്പുരാന്‍ മറികടന്നത്. കേരളത്തില്‍ നിന്ന് 60 കോടിയാണ് എമ്പുരാന്‍ ഇതുവരെ നേടിയത്.
ഇതേ പോക്കാണ് പോകുന്നതെങ്കില്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ മലയാളചിത്രമായി എമ്പുരാന്‍ മാറുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. സ്വന്തം കളക്ഷന്‍ റെക്കോഡുകളില്‍ പലതും മറികടക്കുന്ന മോഹന്‍ലാലിന്റെ ബോക്‌സ് ഓഫീസ് വിശ്വരൂപത്തിനാണ് ഇന്‍ഡസ്ട്രി സാക്ഷ്യം വഹിക്കുന്നത്.
റിലീസ് ചെയ്ത പലയിടങ്ങളിലും എല്ലാ ദിവസവും എക്‌സ്‌ട്രോ ഷോസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ആദ്യദിനം 530 എക്‌സ്‌ട്രോ ഷോകളാണ് എമ്പുരാനായി ചാര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച റീ എഡിറ്റ് ചെയ്ത പതിപ്പ് എത്തുന്നതിന് മുമ്പ് ചിത്രം കാണാനാണ് പലരും ശ്രമിക്കുന്നത്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായെത്തിയ എമ്പുരാന്‍ ബ്രേക്ക് ഇവനാകണമെങ്കില്‍ 327 കോടി വേണമെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. വിഷു റിലീസായി വമ്പന്‍ ചിത്രങ്ങളെത്തുന്നതിന് മുമ്പ് എമ്പുരാന്‍ ഈ നേട്ടത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
Content Highlight: Empuraan movie entered to 200 crore club within five days