2023ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിക്കുമുകളില്‍ സ്വന്തമാക്കിയിരുന്നു. തുടര്‍പരാജയങ്ങളില്‍ പെട്ട് നിന്ന രജിനിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ജയിലറില്‍ കാണാന്‍ സാധിച്ചത്. ബീസ്റ്റ് എന്ന പരാജയ ചിത്രത്തിന് ശേഷം നെല്‍സന്റെയും ഗംഭീര കംബാക്കായിരുന്നു ജയിലര്‍.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. തന്റെ സ്ഥിരം ശൈലിയില്‍ നെല്‍സണ്‍ പുറത്തുവിട്ട വീഡിയോയില്‍ മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവ് ആദ്യത്തെക്കാള്‍ മികച്ചതാകുമെന്ന സൂചനകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്.
അട്ടപ്പാടിയില്‍ ഗംഭീര സെറ്റാണ് ചിത്രത്തിനായി ഒരുങ്ങിയത്. ചിത്രത്തിലെ വില്ലനായി തമിഴ് സംവിധായകനും നടനുമായ എസ്.ജെ. സൂര്യ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സെറ്റില്‍ എസ്.ജെ. സൂര്യ കഴിഞ്ഞദിവസം ജോയിന്‍ ചെയ്തിരുന്നു. ഇതാദ്യമായാണ് രജിനികാന്ത് ചിത്രത്തില്‍ എസ്.ജെ. സൂര്യ ഭാഗമാകുന്നത്.
ആദ്യഭാഗത്തിലെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന കഥാപാത്രമായിരുന്നു. രജിനികാന്ത്, മോഹന്‍ലാല്‍ ശിവ രാജ്കുമാര്‍ എന്നീ സൂപ്പര്‍ നായകന്മാര്‍ക്കെതിരെ മികച്ച പ്രകടനമായിരുന്നു വിനായകന്‍ കാഴ്ചവെച്ചത്. ‘വര്‍മനില്ലെങ്കില്‍ ജയിലറില്ല’ എന്ന് രജിനികാന്ത് വരെ അഭിപ്രായപ്പെട്ടിരുന്നു. വര്‍മന് മുകളില്‍ നില്‍ക്കുന്ന വില്ലനായിരിക്കുമോ രണ്ടാം ഭാഗത്തില്‍ നെല്‍സണ്‍ എസ്.ജെ. സൂര്യക്ക് നല്‍കുകയെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
അതേസമയം ആദ്യഭാഗത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച അതേ താരങ്ങള്‍ ജയിലര്‍ 2വിലും വരുമെന്ന് ഉറപ്പാണ്. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ എന്നിവര്‍ക്ക് പുറമെ തെലുങ്ക് താരം ബാലകൃഷ്ണയെയും അതിഥിവേഷത്തില്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യഭാഗത്തില്‍ ബാലകൃഷ്ണയെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്ന് നെല്‍സണ്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
Buzz :: #SJSuryah joins the cast of #Jailer2 and has already started shooting! 🔥#SuperstarRajinikanth pic.twitter.com/32Y2ixrWWR
— Prakash Mahadevan (@PrakashMahadev) March 30, 2025
സണ്‍ പിക്‌ചേഴ്‌സ് തന്നെയാണ് ജയിലര്‍ 2വിന്റെ നിര്‍മാണം. ആദ്യഭാഗത്തിന്റെ അതേ ക്രൂവിനെത്തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരത്തിയിരിക്കുന്നത്. അനിരുദ്ധ് സംഗീതം ഇത്തവണയും വെള്ളിത്തിരയെ തീപിടിപ്പിക്കുമെന്ന് ഉറപ്പാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജിനികാന്തിന്റെ അടുത്ത റിലീസ്. ഈ വര്‍ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Rumors that S J Suryah will play the villain role in Jailer 2