Cricket
കൊല്‍ക്കത്തയുടെ അടിവേരറുത്ത് മുംബൈ; സ്വന്തമാക്കിയത് സീസണിലെ ആദ്യ വിജയം
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Monday, 31st March 2025, 10:54 pm

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ വിജയം. സ്വന്തം തട്ടകമായ വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് 43 ബോള്‍ അവശേഷിക്കെ എട്ട് വിക്കറ്റിനാണ് വിജയിച്ചുകയറിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് ആണ് ടീം നേടിയത്.

മുംബൈയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് റിയാന്‍ റിക്കള്‍ട്ടനാണ്. 41 പന്തില്‍ നിന്ന് അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 62 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന് പുറമേ സൂര്യകുമാര്‍ യാദവ് 9 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി ടീമിനെ വിജയത്തില്‍ എത്തിച്ചു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശര്‍മ 12 പന്തില്‍ 13 റണ്‍സ് ആണ് നേടിയത്. വില്‍ ജാക്‌സ് 16 റണ്‍സിനും പുറത്തായി. ആന്ദ്രെ റസല്‍ ആണ് കൊല്‍ക്കത്തക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. 16.2 ഓവറില്‍ 116 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ് കൊല്‍ക്കത്ത. ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അംകൃഷ് രഘുവംഷിയാണ്. അവസാനഘട്ടത്തില്‍ രമണ്‍ദീപ് സിങ് 22 റണ്‍സും നേടി. എന്നാല്‍ ടോപ് ഓര്‍ഡറിലെ മറ്റ് വമ്പന്‍ ബാറ്റര്‍മാര്‍ക്ക് പോലും ടീമിനെ മികച്ച സ്‌കോറില്‍ എത്തിക്കാന്‍ സാധിച്ചില്ലായിരുന്നു.

മുംബൈ ബൗളര്‍മാരുടെ അറ്റാക്കില്‍ തര്‍ന്നടിയുകയായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍. ആദ്യ ഓവറില്‍ തന്നെ വമ്പന്‍ തിരിച്ചടിയാണ് മുംബൈ നല്‍കിയത്. ആദ്യ ഓവറിനെത്തിയ മുംബൈയുടെ വജ്രായുധം ട്രെന്റ് ബോള്‍ട്ട് സുനില്‍ നരേനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് പറഞ്ഞയച്ചത്. പൂജ്യം റണ്‍സിനാണ് സുനില്‍ പുറത്തായത്.

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് അരങ്ങേറ്റക്കാരനായ ഇടം കയ്യന്‍ പേസര്‍ അശ്വനി കുമാര്‍ ആയിരുന്നു. മൂന്ന് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്ക്റ്റാണ് താരം നേടിയത്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (11), റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ആന്ദ്രെ റസല്‍ (5) എന്നിവരുടെ നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്.

അശ്വനിക്ക് പുറമെ ദീപക് ചഹര്‍, രണ്ട് വിക്കറ്റും ഹര്‍ദിക്, വിഘ്‌നേശ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരേ വിക്കറ്റും നേടി.

Content Highlight: IPL 2025: Mumbai Indians Won Against KKR