എമ്പുരാനെതിരായ തീവ്ര ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടി ഷീല. സംവിധായകനും നടനുമായ പൃഥ്വിരാജിനെ പലരും ഒറ്റപ്പെടുത്തിയെന്ന് പറയുന്നത് ശരിയല്ലെന്ന് ഷീല പറയുന്നു. ആരെങ്കിലും രണ്ടുപേര്‍ കുരക്കുന്നു എന്നുകരുതി പൃഥ്വിരാജ് ഒറ്റപ്പെട്ട് പോകുമോയെന്നും പൃഥ്വിരാജ് അങ്ങനെയൊന്നും ഒറ്റപ്പെടില്ലെന്നും ഷീല പറഞ്ഞു.
എമ്പുരാന്‍ വിഷയത്തില്‍ അമ്മ സംഘടനയിലെ ആരും പ്രതികരിക്കാത്തത് അവരെല്ലാം ബുദ്ധിശാലികളായതുകൊണ്ടാണെന്നും എല്ലാത്തിനും അവര്‍ മറുപടിപറയേണ്ട ആവശ്യമുണ്ടോയെന്നും ഷീല കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണിനോട് സംസാരിക്കുകയായിരുന്നു ഷീല.
‘പൃഥ്വിരാജിനെ ആരും ഒറ്റപെടുത്തിയിട്ടില്ല. ആരോ രണ്ടുപേര്‍ കുരക്കുന്നു എന്നുകരുതി പൃഥ്വിരാജ് ഒറ്റപ്പെട്ട് പോകുമോ? പൃഥ്വിരാജ് അങ്ങനെയൊന്നും ഒറ്റപ്പെടില്ല. ഞങ്ങളുടെ കൂടെ അഭിനയിക്കുന്നൊരു ആര്‍ട്ടിസ്റ്റാണ് അദ്ദേഹം.
അമ്മയിലുള്ള എല്ലാവരും ബുദ്ധിശാലികളാണ്. ഇതിനൊക്കെ മറുപടി പറയേണ്ട ആവശ്യമുണ്ടോ, ഇല്ലെന്ന് അവര്‍ക്കറിയാം. ഓരോ ആളുകള്‍ എന്തെങ്കിലും പറയുന്നതില്‍ അമ്മ എന്തിന് മറുപടി പറയണം, ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യത്തിനൊക്കെ അമ്മ മറുപടി പറയണോ,’ ഷീല പറയുന്നു.
അതേസമയം എമ്പുരാന്‍ സിനിമയ്ക്ക് എതിരെയുള്ള വിവാദങ്ങള്‍ അടങ്ങുന്നില്ല. 24 ഭാഗങ്ങള്‍ റീ എഡിറ്റിങ്ങിന്റെ ഭാഗമായി ചിത്രത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടും സിനിമക്കും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള തീവ്ര വലതുപക്ഷ സംഘടനകളുടെ അക്രമം തുടരുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു.
പിന്നാലെ ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇപ്പോള്‍ ചോദ്യം ചെയ്യുകയാണ്. ഇന്ന് (വെള്ളി)രാവിലെ മുതല്‍ ചെന്നൈയിലെ ഗോകുലം ചിട്ട്സ് ഫിനാന്‍സിലും ഗോകുലം ഗോപാലന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകളിലും റെയ്ഡ് നടക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ സ്ഥാപനത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ് നടക്കുന്നത്.
Content Highlight: Sheela talks about Prithviraj and Empuraan Movie