Entertainment
അവിടെ ദുല്‍ഖറിനെ പോലെ അഭിനയിക്കണമെന്നാണ്‌ എന്റെയും ആഗ്രഹം: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 09:31 am
Friday, 4th April 2025, 3:01 pm

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. ഈ വര്‍ഷമാദ്യമിറങ്ങിയ ആസിഫ് അലിയുടെ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.

അന്യഭാഷയില്‍ സിനിമകള്‍ ചെയ്യാത്തത് തന്റെ കോണ്‍ഫിഡന്‍സ് കുറവ് കാരണമാണെന്ന് പറയുകയാണ് ആസിഫ് അലി. ദുല്‍ഖര്‍ സല്‍മാന്‍ അന്യഭാഷയില്‍ സിനിമകള്‍ ചെയ്യുമ്പോള്‍ സ്വന്തമായി ഡബ്ബ് ചെയ്ത് അഭിനയിക്കുകയാണ് ചെയ്യുന്നതെന്നും അത്തരത്തില്‍ അഭിനയിക്കണമെന്ന് തന്നെയാണ് തന്റെയും ആഗ്രഹമെന്നും ആസിഫ് പറയുന്നു.

ആ കോണ്‍ഫിഡന്‍സ് തനിക്ക് വന്നാല്‍ അന്യഭാഷ സിനിമകള്‍ ചെയ്യുമെന്നും നടന്‍ പറഞ്ഞു. എപ്പോഴൊക്കെ മറ്റ് ഭാഷകളില്‍ നിന്ന് ഓഫറ് വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിനേക്കാള്‍ മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് വന്നിട്ടുണ്ടെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു

‘എപ്പോഴൊക്കെ എനിക്ക് മറ്റ് ഭാഷകളില്‍ നിന്ന് ഓഫറ് വന്നിട്ടുണ്ടോ അപ്പോഴൊക്കെ അതിനേക്കാള്‍ മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് എന്റെയടുത്തേക്ക് വന്നിട്ടുണ്ട്. ഞാനായിട്ട് മറ്റ് ഭാഷകളില്‍ ചെയ്യാന്‍ ശ്രമിക്കാത്തത് എന്റെ കോണ്‍ഫിഡന്‍സ് കുറവ് കാരണമാണ്.

മലയാളം കൈകാര്യം ചെയ്യുന്നത് പോലെ എനിക്ക് മറ്റൊരു ഭാഷ കൈകാര്യം ചെയ്യാന്‍ പറ്റുമോയെന്ന പേടി എനിക്കുണ്ട്. എന്റെ കംഫേര്‍ട്ട് സോണ്‍ ബ്രേക്ക് ചെയ്യാത്ത ഒരേയൊരു ഏരിയ അത് തന്നെയാണ്. നമ്മുടെ മലയാളത്തിലെ നായികമാര്‍ ഒരുപാട് ആളുകള്‍ ഇപ്പോള്‍ അന്യഭാഷയില്‍ പോയി അഭിനയിക്കുന്നുണ്ട്.

നായകന്മാരെ നോക്കുകയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാനുണ്ട്. ദുല്‍ഖര്‍ സ്വന്തമായി ഡബ്ബ് ചെയ്ത് അഭിനയിക്കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ അഭിനയിക്കണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. ആ ഈസിനെസ് കൊണ്ടുവരാന്‍ പറ്റുമെന്ന് ഉറപ്പുണ്ടാകുമ്പോള്‍ അത്തരത്തില്‍ അന്യഭാഷ സിനിമകള്‍ ഞാന്‍ ചെയ്യും,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Says He Wants To Dub Himself And Act In Films In Other Languages ​​Like Dulquer Salmaan