തിരുവനന്തപുരം: പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കാനുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
എന്‍.സി.ഇ.ആര്‍.ടിയുടെ നീക്കം ഭാഷാ വൈവിധ്യത്തെയും ധാര്‍മികതയെയും ദുര്‍ബലപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് അയച്ച കത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ധർമേന്ദ്ര പ്രധാൻ
എന്‍.സി.ഇ.ആര്‍.ടിയുടെ തീരുമാനത്തെ സാംസ്‌കാരിക ഏകീകരണത്തിനുള്ള ശ്രമമായും വിദ്യാഭ്യാസ യാത്രയിലെ പിന്നോട്ടടിയായും കേരളം കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പാഠപുസ്തകങ്ങള്‍ക്ക് പേരിടുന്നത് കേവലം ഒരു സൗന്ദര്യാത്മക തീരുമാനമല്ല, മറിച്ച് പഠിതാക്കളുടെ ഭാഷാ പശ്ചാത്തലത്തെ മാനിക്കേണ്ട ഒരു അക്കാദമിക തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തില്‍ നിന്നുള്ള പദങ്ങളുടെ ഉപയോഗം സാംസ്‌കാരികമായി ഏകീകരിക്കുന്നതായി ന്യായീകരിക്കപ്പെടുമ്പോള്‍, ഒരു ഭാഷാ പാരമ്പര്യത്തില്‍ നിന്നുള്ള പേരുകള്‍ അടിച്ചേല്‍പ്പിക്കുന്നത് ബഹുഭാഷയെ ആഘോഷിക്കുന്ന രാജ്യത്ത് ശരിയായ നടപടിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
‘പാഠപുസ്തകങ്ങള്‍ ഭാഷാപരമായ ആധിപത്യത്തിന്റെയല്ല, പഠനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ഉപകരണങ്ങളായി വര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം,’ വി. ശിവന്‍കുട്ടി
പൂര്‍വി (6, 7 ക്ലാസുകള്‍), മൃദംഗ് (1, 2 ക്ലാസുകള്‍), സന്തൂര്‍ (3, 4 ക്ലാസുകള്‍), ഗണിത പ്രകാശ് (6-)o ക്ലാസ് ഗണിതത്തിന് ഇംഗ്ലീഷിലും ഹിന്ദിയിലും) എന്നിങ്ങനെയുള്ള പേരുകളാണ് ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് എന്‍.സി.ഇ.ആര്‍.ടി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതിനെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന മന്ത്രിയുടെ വിമര്‍ശനം.
വി. ശിവന്‍കുട്ടി
ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യത്തിന്റെയും സമ്പന്ന പാരമ്പര്യമുള്ള കേരളം, എന്‍.സി.ഇ.ആര്‍.ടിയുടെ ഈ ഏകപക്ഷീയമായ തീരുമാനത്തെ ഫെഡറല്‍ തത്വങ്ങളുടെയും വിദ്യാഭ്യാസത്തിലെ സഹകരണ മനോഭാവത്തിന്റെയും ലംഘനമായാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉടന്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങള്‍ ഭാഷാപരമായ ആധിപത്യത്തിന്റെയല്ല, പഠനത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും ഉപകരണങ്ങളായി വര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടിയുടെ തീരുമാനം തിരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള എന്‍.സി.ഇ.ആര്‍.ടിയുടെ തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. തീരുമാനം നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണവുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
എല്ലാ സംസ്ഥാനങ്ങളും ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ക്ക് എതിരായി ഒരുമിക്കണമെന്നും വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കലിന്റെയല്ല, ശാക്തീകരണത്തിന്റെയും സമവായത്തിന്റെയും ഉപകരണമായിരിക്കണമെന്നും മന്ത്രി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എന്‍.സി.ഇ.ആര്‍.ടിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി മന്ത്രി കേന്ദ്രത്തിന് കത്തെഴുതിയത്.
Content Highlight: V. Sivankutty writes to Centre against NCERT’s decision to give Hindi titles to textbooks