Entertainment
ഓരോ ഷോട്ടിലും എന്നെ അത്ഭുതപ്പെടുത്തിയ നടന്‍; ഇങ്ങനെ അഭിനയിക്കുന്നത് എങ്ങനെയാകുമെന്ന് ചിന്തിച്ചു: നയന്‍താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 09:03 am
Friday, 4th April 2025, 2:33 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് വന്ന അഭിനേത്രിയായിരുന്നു അവര്‍.

പിന്നീട് കുറഞ്ഞ സമയം കൊണ്ടുതന്നെ സൗത്ത് ഇന്ത്യയിലെ നമ്പര്‍ വണ്‍ നായികയായി മാറിയ നയന്‍സ് അധികം വൈകാതെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പട്ടവും സ്വന്തമാക്കിയിരുന്നു.

തമിഴില്‍ നിരവധി സിനിമകളുടെ ഭാഗമാകാന്‍ നയന്‍താരക്ക് സാധിച്ചിരുന്നു. ഒപ്പം തമിഴിലെ ഒട്ടുമിക്ക അഭിനേതാക്കളോടൊപ്പം അഭിനയിക്കാനും നടിക്ക് കഴിഞ്ഞിരുന്നു.

ഇപ്പോള്‍ തമിഴ് നടന്‍ സത്യരാജിനെ കുറിച്ച് പറയുകയാണ് നയന്‍താര. അദ്ദേഹത്തിനൊപ്പം ഒരുപാട് സിനിമകളില്‍ വര്‍ക്ക് ചെയ്ത നടിയാണ് അവര്‍. നിരവധി സിനിമകളില്‍ നയന്‍താരയുടെ അച്ഛനായി സത്യരാജ് അഭിനയിച്ചിട്ടുണ്ട്.

‘സത്യരാജ് സാറിനെ പോലെ മറ്റൊളില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്ന് തോന്നുന്നു. എല്ലാ സിനിമയിലും എല്ലാ ഷോട്ടിലും അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോള്‍ ‘ഹമ്മോ ഇത് എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കുന്നത്’ എന്ന ചിന്ത വരും.

ഒരോ സീനിനെയും കുറിച്ചല്ല ഞാന്‍ പറയുന്നത്, ഓരോ ഷോട്ടിനെയും കുറിച്ചാണ്. എനിക്ക് സത്യത്തില്‍ അത്ഭുതം തോന്നാറുണ്ട്. നമ്മള്‍ ഒരുപാട് ആളുകളുടെ കൂടെ അഭിനയിച്ചത് കൊണ്ട് നമ്മളെ സര്‍പ്രൈസ് ചെയ്യുന്ന ആക്ടേഴ്‌സ് വളരെ കുറവായിരിക്കും.

പക്ഷെ സത്യരാജ് സാര്‍ ഓരോ ഷോട്ടിലും നമുക്ക് സര്‍പ്രൈസ് തരും. ചിലപ്പോള്‍ വളരെ ചെറിയ കാര്യങ്ങളാകും അദ്ദേഹം ഓരോ ഷോട്ടിലും ചെയ്യുന്നത്. അഭിനയത്തെ കുറിച്ച് അത്രയേറെ വിവരമുള്ള ആളാണ് സത്യരാജ് സാര്‍.

അദ്ദേഹത്തിന്റെ അഭിനയം പലപ്പോഴും വിശ്വസിക്കാന്‍ പറ്റാത്തതാണ്. ഞാന്‍ എപ്പോഴും ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ സത്യരാജ് സാറിന്റെ പേരുണ്ടാകും. ചിലപ്പോള്‍ അതൊരു പവര്‍ഫുള്ളായ കഥാപാത്രത്തിലൂടെയാകാം.

എനിക്ക് സത്യത്തില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് സിനിമയില്‍ ഒരു അച്ഛന്‍ എന്ന് പറയുമ്പോള്‍ അത് സത്യരാജ് സാര്‍ തന്നെയാണ്,’ നയന്‍താര പറയുന്നു.

Content Highlight: Nayanthara Says Sathyaraj Is The Actor Who Surprised Her With Every Shot