തിരുവനന്തപുരം: പാര്‍ട്ടി നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം രൂപീകരിച്ച് കെ.പി.സി.സി. ഇനിമുതല്‍ കസേരയില്‍ പേരില്ലാത്തവര്‍ക്ക് കോണ്‍ഗ്രസ് വേദികളില്‍ ഇടമുണ്ടാകില്ല എന്നതാണ് പുതിയ ചട്ടം.
കോഴിക്കോട് ഡി.സി.സിയുടെ ഉദ്ഘാടന ചടങ്ങില്‍ ഫോട്ടോയിലിടം പിടിക്കാന്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായ സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ നടപടി.
എം.പി, എം.എല്‍.എ, എ.ഐ.സി.സി ഭാരവാഹി, കെ.പി.സി.സി ഭാരവാഹി, ഡി.സി.സി പ്രസിഡന്റ് എന്നിവരില്‍ ആരെങ്കിലും അപ്രതീക്ഷിതമായി വേദിയിലെത്തുകയാണെങ്കില്‍ പരിപാടിയുടെ പ്രസക്തി കണക്കിലെടുത്ത് ഇവര്‍ക്ക് സീറ്റ് നല്‍കാനും തീരുമാനമുണ്ട്.
താഴെത്തട്ട് മുതല്‍ കെ.പി.സി.സി തലം വരെയുള്ള മുഴുവന്‍ പരിപാടികളിലും വേദിയിലുണ്ടാകേണ്ടവരുടെ പേരുകള്‍ കസേരകളില്‍ പതിക്കണമെന്നാണ് കെ.പി.സി.സിയുടെ പ്രധാന തീരുമാനം.
കസേരയില്‍ പേരില്ലാത്തവര്‍ വേദിയില്‍ വേണ്ടെന്നും കെ.പി.സി.സിയില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് കെ.പി.സി.സി ഉടന്‍ സര്‍ക്കുലര്‍ പുറത്തുവിടും.
കഴിഞ്ഞ ദിവസം കോഴിക്കോട് ഡി.സി.സിയിലുണ്ടായ ഉന്തും തള്ളലിലും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുഖപത്രമായ വീക്ഷണം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
‘ഇടിച്ച് കയറിയല്ല മുഖം കാണിക്കേണ്ടത്…’ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തിലായിരുന്നു വിമര്‍ശനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ നിലയ്ക്കും വിലയ്ക്കും ചേരാത്ത പ്രവര്‍ത്തികളാണ് ചിലപ്പോഴെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് വീക്ഷണം വിമര്‍ശിച്ചിരുന്നു.
മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാകുന്ന തരത്തില്‍ ഇടിച്ചുകയറാന്‍ മത്സരിക്കുന്നവര്‍ സ്വന്തം നില മറന്ന് പ്രവര്‍ത്തിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രസ്ഥാനത്തെ പരിഹാസ്യമാക്കി മാറ്റുന്ന ഇത്തരം ഏര്‍പ്പാട് ഇനിയെങ്കിലും നമ്മള്‍ മതിയാക്കണമെന്നും പ്രസംഗത്തിൽ പറഞ്ഞിരുന്നു.
സംഘാടക മികവ് പരിപാടി സംഘടിപ്പിക്കുമ്പോള്‍ മാത്രമായി ഒതുങ്ങി പോകരുതെന്നും പരിപാടികള്‍ നല്ല രീതിയില്‍ സംഘടിപ്പിച്ച് നല്ല രീതിയില്‍ തന്നെ അവസാനിപ്പിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീക്ഷണം പ്രതികരിച്ചിരുന്നു. സംസ്ഥാന, ജില്ലാ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് ഏത് തലത്തില്‍പ്പെട്ട ഘടകങ്ങളിലാണെങ്കിലും പാര്‍ട്ടി പരിപാടികളില്‍ പ്രോട്ടോകോള്‍ പാലിക്കുവാന്‍ നേതാക്കളും അണികളും ബാധ്യസ്ഥരാണെന്നും വീക്ഷണം പറയുന്നു.
ഏപ്രില്‍ 12നാണ് കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടനം നടന്നത്. ചടങ്ങിനോടനുബന്ധിച്ച് നടന്ന നാടമുറിക്കല്‍ ചടങ്ങിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
Content Highlight: Those without names on the chair will no longer have seats; KPCC formulates code of conduct for leaders