IPL
എനിക്കും അവനെ പോലെ പന്തെറിയണം; ഗുജറാത്ത് സഹതാരത്തിനെ കുറിച്ച് റാഷിദ് ഖാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 22, 04:10 am
Tuesday, 22nd April 2025, 9:40 am

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ 39 റണ്‍സിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിരുന്നു. സായ് സുദര്‍ശന്റെയും ശുഭ്മന്‍ ഗില്ലിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ടൈറ്റന്‍സ് മികച്ച സ്‌കോറിലെത്തിയത്. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ടൈറ്റന്‍സ് സ്‌കോര്‍ ബോര്‍ഡിന് അടിത്തറയൊരുക്കിയത്.

199 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ നൈറ്റ് റൈഡേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയും അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഇരുവരും രണ്ട് വിക്കറ്റുകള്‍ നേടി. കൊല്‍ക്കത്തക്കെതിരെ റാഷിദ് ഖാന്റെ ഈ സീസണിലെ മികച്ച പ്രകടനമായിരുന്നു.

റാഷിദ് ഖാന്‍ ഫോമിലല്ലാത്തപ്പോള്‍ ഗുജറാത്ത് നായകന്‍ ശുഭ്മന്‍ ഗില്‍ യുവ താരം സായി കിഷോറിനെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ മത്സരങ്ങള്‍ക്ക് മുമ്പ് താന്‍ സായിയുമായി ധാരാളം സംസാരിക്കാറുണ്ടെന്ന് പറയുകയാണ് റാഷിദ് ഖാന്‍.

സായ് പന്തെറിയുന്ന രീതിയും അവന്‍ വേരിയേഷന്‍സ് ഉപയോഗിക്കുന്ന രീതിയും തനിക്ക് ഇഷ്ടമാണെന്നും താന്‍ അവനില്‍ നിന്ന് പഠിക്കുകയാ ണെന്നും റാഷിദ് ഖാന്‍ പറഞ്ഞു. എന്റെ അനുഭവം ഞാന്‍ അവനുമായി പങ്കിടുന്നുവെന്നും ഇന്ത്യന്‍ വിക്കറ്റുകളില്‍ എങ്ങനെ പന്തെറിയണമെന്ന് സായിയില്‍ നിന്ന് അറിവ് നേടുകയും ചെയ്യുന്നുവെന്നും അഫ്ഗാന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘മത്സരങ്ങള്‍ക്ക് മുമ്പ് ഞാനും സായ് കിഷോറും ധാരാളം സംസാരിക്കാറുണ്ട്. പിച്ചുകളെ ആശ്രയിക്കാന്‍ കഴിയില്ലെന്നും ശരിയായ സ്ഥലങ്ങളില്‍ പന്ത് പിച്ച് ചെയ്യേണ്ടത് പ്രധാനമാണെന്നും ഞാന്‍ അവനോട് പറഞ്ഞു. അവന്‍ പന്തെറിയുന്ന രീതിയും അവന്‍ വേരിയേഷന്‍സ് ഉപയോഗിക്കുന്ന രീതിയും എനിക്ക് ഇഷ്ടമാണ്.

ഞാന്‍ അവനില്‍ നിന്ന് പഠിക്കുകയാണ്. എനിക്കും സായിയെ പോലെ പന്തെറിയണം. എന്റെ അനുഭവം ഞാന്‍ അവനുമായി പങ്കിടുന്നു. കൂടാതെ ഇന്ത്യന്‍ വിക്കറ്റുകളില്‍ എങ്ങനെ പന്തെറിയണമെന്ന് സായിയില്‍ നിന്ന് അറിവ് നേടുകയും ചെയ്യുന്നു,’ റാഷിദ് ഖാന്‍ പറഞ്ഞു.

മത്സരത്തില്‍ റാഷിദ് ഖാന്‍ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകള്‍ നേടിയത്. 6.25 എക്കോണമിയില്‍ പന്തെറിഞ്ഞ താരം ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരുടെ വിക്കറ്റാണ് വീഴ്ത്തിയത്.

സായ് കിഷോറും കൊല്‍ക്കത്തക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് ഓവറില്‍ 6.33 എക്കോണമിയില്‍ പന്തെറിഞ്ഞ് 19 റണ്‍സാണ് താരം വിട്ടുനല്‍കിയത്. മത്സരത്തില്‍ ഒരു വിക്കറ്റും സായ് നേടിയിരുന്നു.

Content Highlight: IPL 2025: GT vs KKR: Gujarat Titans spinner Rashid Khan talks about his teammate Sai Kishore