മോഹന്‍ലാലും ശോഭനയുമൊഴിച്ച് തുടരും എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്ത ഓരോ താരങ്ങളേയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചിത്രത്തിന്റെ കാസ്റ്റിങ് പ്രോസസുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു തരുണിന്റെ മറുപടി.
‘ എനിക്ക് പ്യൂപ എന്ന് പറയുന്ന ഒരു ആക്ടിങ് പ്രോഗ്രാം ഉണ്ട്. അതുകൊണ്ട് തന്നെ ഇപ്പോള്‍ റിസോഴ്‌സസ് കൂടുതലാണ്. അവിടെ വരുമ്പോള്‍ ഞാന്‍ പതിയെ അസിസ്റ്റന്‍സിന്റെ അടുത്ത് പോയി ആ പുള്ളിയെ ഒന്ന് നോട്ട് ചെയ്ത് വെച്ചേക്ക് കേട്ടോ എന്ന് പറയാറുണ്ട്.
80 ശതമാനം കാസ്റ്റിങ്ങും അങ്ങനെ ഒരു പ്രോസസിലൂടെയാണ് നടന്നത്. വഴിയില്‍ പോയി കാസ്റ്റ് ചെയ്യുന്നതിനേക്കാള്‍ ഉപരിയായി എന്റെ ക്യാരക്ടറിന് അനുയോജ്യമായ മുഖങ്ങള്‍ പ്യൂപ്പയില്‍ നിന്ന് കിട്ടാറുണ്ട്.
ചിലപ്പോള്‍ എഴുത്തിന്റെ സമയത്ത് ഈ മുഖം കിട്ടും. ഞാന്‍ കാസ്റ്റിങ് കോള്‍ ഇടാറില്ല. അത് റോങ് ആണെന്ന് കരുതുന്ന ആളാണ് ഞാന്‍. ഒരു തരം മാര്‍ക്കറ്റിങ്ങിന് സമാനമാണെന്നാണ് കരുതുന്നത്.
നമ്മുടെ സിനിമ വേറൊരുത്തന്റെ സ്വപ്‌നം വെച്ചിട്ട് മാര്‍ക്കറ്റ് ചെയ്യേണ്ടതില്ല എന്നാണ് എന്റെ വിശ്വാസം. ഒരു കാസ്റ്റിങ് കോള്‍ ഇടുന്നു. അത് കണ്ട് ഒരു കമ്പനി വരുന്നു. കുറേ മെയില്‍ വരുന്നു. ആ മെയിലൊന്നും മൊത്തത്തില്‍ നോക്കാന്‍ പോലും നമുക്ക് പറ്റില്ല.
ഒരു കാസ്റ്റിങ് കോളിന് അയച്ച് മറുപടി പ്രതീക്ഷിച്ച് എത്രയോ നാള്‍ കാത്തിരിക്കുന്ന ആളുകളുണ്ട്. നമ്മളെ സംബന്ധിച്ച് നമുക്ക് വേണ്ട ഒരു മുഖം കിട്ടുക എന്നതാണ്.
ഒരു ഫോട്ടോയില്‍ നിന്ന് ഒരാളെ അളക്കാന്‍ എനിക്ക് പറ്റില്ല. നേരിട്ടുള്ള കാഴ്ചകളില്‍ നിന്നാണ് കൂടുതലും പിക്ക് ചെയ്യാറ്. സ്‌ക്രീന്‍ ടെസ്റ്റ് നടത്താറുണ്ട്. ഓക്കെ എന്ന് തോന്നിക്കഴിഞ്ഞാല്‍ നമ്മള്‍ നില്‍ക്കുന്ന സ്‌പേസില്‍ കൊണ്ടു നിര്‍ത്തും.
ആ സിനിമയുടെ ക്യാരക്ടറായി പെര്‍ഫോമന്‍സ് ചെയ്തു കാണിക്ക് എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. തുടരുമില്‍ ലാല്‍ സാറും ശോഭന മാമും ഒഴിച്ച് ബാക്കി എല്ലാവര്‍ക്കും ആ പ്രോസസ് ഉണ്ടായിരുന്നു. ബിനുവിനും ഫര്‍ഹാനുമൊന്നും ഇല്ല.
എന്നാല്‍ പോലും 70 ഓളം ഫ്രഷ് കാസ്റ്റിങ് ഉണ്ട്. മണിയന്‍പിള്ള രാജു ചേട്ടനാണെങ്കില്‍ പോലും ലുക്കുകളൊക്കെ മാറികഴിഞ്ഞപ്പോള്‍ തന്നെ വേറൊരു മുഖമായി. പുള്ളി എല്ലാ ദിവസവും എനിക്ക് വീഡിയോ അയച്ചു തരുമായിരുന്നു.
ബിനു ആണെങ്കില്‍ പോലും എന്റെ അസോസിയേറ്റും അടുത്ത സുഹൃത്തുമാണ്. ബിനൂ, നമുക്ക് സ്ഥിരം കാണുന്ന ലുക്ക് വേണ്ട ഈ സൈഡില്‍ േ്രഗ വേണം, നിങ്ങള്‍ ക്ലീന്‍ ഷേവ് ചെയ്യണം എന്ന് പറഞ്ഞു.
ക്ലീന്‍ ഷേവ് ചെയ്ത് കഴിഞ്ഞാല്‍ എന്നെ കാണാന്‍ ഭയങ്കര വൃത്തികേടാണെന്ന് പറഞ്ഞു. ആയിക്കോട്ടെ, പക്ഷേ നിങ്ങളെ ബാക്കിയുള്ള സിനിമകളില്‍ കാണുന്ന പോലെയല്ല ഇതില്‍ വേണ്ടതെന്ന് പറഞ്ഞു. ബിനു ചേട്ടനും അങ്ങനെ ഫോട്ടോ അയച്ചു തന്നു. അത്തരത്തില്‍ എല്ലാവരും എന്റെ വേള്‍ഡിലേക്ക് വരാന്‍ തയ്യാറായി,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Director Tharun Moorthy about Binu Pappu and Thudarum