national news
ശശി തരൂരിനെതിരെ അച്ചടക്ക നടപടി; എ.ഐ.സി.സി ഡ്രാഫ്റ്റിങ് കമ്മറ്റിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 31, 04:26 pm
Monday, 31st March 2025, 9:56 pm

ന്യൂദല്‍ഹി: ശശി തരൂര്‍ എം.പിക്കെതിരെ അച്ചടക്ക നടപടിയെടുത്ത് കോണ്‍ഗ്രസ്. നിരന്തരമായി പ്രധാനമന്ത്രി നരേന്ദ്രമോജിയെയും ബി.ജെ.പി സര്‍ക്കാരിനെയും പ്രകീര്‍ത്തിക്കുന്ന സമീപനത്തിന് പിന്നാലെയാണ് നടപടി.

എ.ഐ.സി.സി ഡ്രാഫ്റ്റിങ് കമ്മറ്റിയില്‍ നിന്ന് തരൂരിനെ ഒഴിവാക്കി കൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടി. കഴിഞ്ഞ 14 വര്‍ഷമായി തരൂര്‍ ഈ സമിതിയില്‍ അംഗമാണെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളില്‍ അഹമ്മദാബാദില്‍ എ.ഐ.സി.സി സമ്മേളനം നടക്കാനിരിക്കെയാണ് നടപടിയെന്ന് ന്യൂസ് മലയാളം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെയാണ് മോദി സര്‍ക്കാരിനെ പ്രശംസിച്ച് ലേഖനം എഴുതിയത്. നേരത്തെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പ്രശംസിച്ച് തരൂര്‍ ലേഖനങ്ങള്‍ പുറത്തുവിട്ടിരുന്നു.

നിരവധി രാജ്യങ്ങളിലേക്ക് കൊവിഡ് -19 വാക്‌സിനുകള്‍ വിതരണം ചെയ്യാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ വാക്‌സിന്‍ മൈത്രി സംരംഭത്തിന് സാധിച്ചെന്നായിരുന്നു കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ പ്രശംസ.

കൊവിഡ് മഹാമാരിക്കാലത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച വാക്‌സിന്‍ നയതന്ത്രം അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ ശക്തമായ നേതൃത്വത്തിന്റെ ഉദാഹരണമാണെന്നും തരൂര്‍ പറയുകയുണ്ടായി. ഇംഗ്ലീഷ് മാസികയായ ദി വീക്കില്‍ എഴുതിയ ‘കൊവിഡ്‌സ് സില്‍വര്‍ ലൈനിങ് ഫോര്‍ ഇന്ത്യ’ എന്ന കോളത്തില്‍, കൊവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം വളരെയധികം വേറിട്ടുനില്‍ക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. .

ഉക്രൈന്‍ യുദ്ധം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകള്‍ എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പ്രശംസിച്ചതിന് പിന്നാലെയാണ് തരൂരിന്റെ പരാമര്‍ശം.

 

Content Highlight: Disciplinary action against Shashi Tharoor; Tharoor removed from AICC drafting committee