ബാഴ്‌സലോണയില്‍ നിന്ന് ലയണല്‍ മെസി പടിയിറങ്ങിയപ്പോള്‍ താരത്തിന്റെ 10ാം നമ്പര്‍ ജേഴ്‌സിയിലെത്തിയ താരമാണ് അന്‍സു ഫാറ്റി. മെസിയുടെ ജേഴ്‌സിയിലെത്തിയ ഫാറ്റി അദ്ദേഹത്തിന്റെ പിന്‍ഗാമിയാകുമെന്ന് കരുതിയിരുന്നെങ്കിലും താരത്തിന് ബാഴ്‌സയില്‍ മികവ് പുലര്‍ത്താനായിരുന്നില്ല. ഈ സീസണില്‍ ആറ് ഗോളും മൂന്ന് അസിസ്റ്റും മാത്രമാണ് ഫാറ്റി ബാഴ്‌സലോണക്കായി നേടിയത്.
മികച്ച ഫോമിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ കുറഞ്ഞ അവസരങ്ങളാണ് കോച്ച് സാവി അന്‍സുവിന് നല്‍കുന്നതെങ്കിലും കഴിഞ്ഞ ദിവസം എല്‍ ക്ലാസിക്കോയില്‍ റയലിനെതിരെ നടന്ന മത്സരത്തില്‍താരം കളിക്കാനിറങ്ങിയിരുന്നു.
എന്നാല്‍ ഗോളാക്കാനുള്ള അവസരം അന്‍സു പാഴാക്കിയതോടെ വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടിയെത്തുകയായിരുന്നു. കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ മികച്ച അവസരം ലഭിച്ചിട്ടും പാഴാക്കി കളഞ്ഞത് സാവിയെയും ടീം അംഗങ്ങളെയും പ്രകോപനം കൊള്ളിക്കുകയും ചെയ്തിരുന്നു.
തുടര്‍ തോല്‍വികളെ തുടര്‍ന്ന് ബാഴ്‌സയില്‍ വലിയ അഴിച്ചുപണി നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണ് സാവിയും സംഘവും.
വരാനിരിക്കുന്ന സമ്മര്‍ സീസണില്‍ അന്‍സുവിന് പകരക്കാരനായി ക്ലബ്ബിലെത്തിക്കാന്‍ നാല് താരങ്ങളെയാണ് സാവി ഷോര്‍ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്നാമത്തെ പേര് മുന്‍ ബാഴ്‌സലോണ താരവും സാവിയുടെ സുഹൃത്തുമായ ലയണല്‍ മെസിയുടേതാണ്.
ജൂണില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുന്ന മെസി തുടര്‍ന്ന് ഫ്രീ ഏജന്റ് ആയി മാറും, ഇതോടെയാണ് താരത്തെ സ്വന്തമാക്കാനായി ബാഴ്‌സ ശ്രമം നടത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
മെസിക്ക് പുറമെ അത്‌ലെറ്റികോ മാഡ്രിഡ് ഫോര്‍വേഡ് യാന്നിക് കറാസ്‌കോ, പിയറി എമെറിക് ഒബമെയാങ്, ലവിര്‍പൂള്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫെര്‍മിനോ എന്നിവരാണ് സാവി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത മറ്റ് മൂന്ന് താരങ്ങള്‍.