സുരേഷ് കൃഷ്ണയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത് കൺവിൻസിങ് സ്റ്റാർ എന്നാണ്. ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണയും ബേസിൽ ജോസഫും. ക്രിസ്റ്റ്യൻ ബ്രദേഴ്സ് റീ റിലീസ് ചെയ്യണമെന്നുള്ള ആവശ്യങ്ങളൊക്കെയുണ്ടെന്നും സുരേഷ് കൃഷ്ണയുടെ സീൻ വന്നാൽ തിയേറ്റർ കുലുങ്ങുമെന്നും ബേസിൽ ജോസഫ് പറയുന്നു.
സോഷ്യൽ മീഡിയയിൽ വന്ന ശേഷം എടുത്തുനോക്കിയെന്നും എല്ലാത്തിലും ഒരുപോലുള്ള ചതിയാണ് താൻ ചെയ്തതെന്നും സുരേഷ് കൃഷ്ണ പറയുന്നു. ഇതൊന്നും അറിഞ്ഞിട്ടല്ല ചെയ്യുന്നതെന്നും ചെയ്തതൊന്നും ഓർത്ത് വച്ചിട്ടുമില്ലെന്നും സുരേഷ് കൃഷ്ണ അഭിപ്രായപ്പെട്ടു.
തൻ്റെ മക്കൾ പോലും ഇപ്പോഴാണ് കാണുന്നതെന്നും അവർ താൻ നല്ലയാളാണെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. ഇപ്പോൾ ആ ചിന്തകളൊക്കെ പോയെന്നും പണ്ടേ കുഴപ്പമാണെന്നാണ് ഇപ്പോൾ പറയുന്നതെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു. മരണമാസ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബേസിലും സുരേഷ് കൃഷ്ണയും.
‘ക്രിസ്റ്റ്യൻ ബ്രദേഴ്സ് റീ റിലീസ് ചെയ്യണമെന്നൊക്കെയുള്ള ആവശ്യങ്ങളൊക്കെയുണ്ട്. ആ സീൻ വന്നാൽ തിയേറ്റർ കുലുങ്ങും,’ ബേസിൽ പറയുന്നു.
‘ഇപ്പോൾ സോഷ്യൽ മീഡിയയിലൊക്കെ വന്ന ശേഷം എടുത്തുനോക്കി. എല്ലാത്തിലും ഒരേപോലെയുള്ള ചതി. ഇതൊന്നും അറിഞ്ഞിട്ടല്ലോ നമ്മൾ ചെയ്യുന്നത്. ഒന്നും ഓർത്ത് വച്ചിട്ടും ഇല്ല. എൻ്റെ മക്കൾ തന്നെ ഇപ്പോഴാണ് കാണുന്നത്. അവർ ഞാൻ നല്ല ആളാണെന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു. ഇപ്പോൾ അത് മൊത്തം പോയി. പണ്ടെ കുഴപ്പമാണല്ലോ എന്നാണ് ഇപ്പോൾ പറയുന്നത്,’ സുരേഷ് കൃഷ്ണ പറയുന്നു.
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത സിനിമയാണ് മരണമാസ്. വിഷു റിലീസായി ഇന്നലെ (വ്യാഴം) എത്തിയ ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ സിനിമയിലേക്ക് കടന്നുവന്ന സിജു സണ്ണിയാണ് തിരക്കഥ ഒരുക്കിയത്.
ബേസിൽ, രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: There is a demand for that movie to be re-released says Basil Joseph