Kerala News
കൊല്ലത്ത് വിവാഹ ദിനത്തിലും പൊതിച്ചോറുകളുമായെത്തി ഡി.വൈ.എഫ്.ഐ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 28, 02:41 pm
Monday, 28th April 2025, 8:11 pm

കൊല്ലം: വിവാഹ ദിനത്തിലും പൊതിച്ചോറ് നല്‍കി മാതൃകയായി ഡി.വൈ.എഫ്.ഐ നേതാവായ നാസിഫ് ഹുസൈനും പങ്കാളി അജ്മി ബുസൈനും. ഡി.വൈ.എഫ്.ഐ കുന്നിക്കോട് മേഖല വൈസ് പ്രസിഡന്റാണ് നാസിഫ് ഹുസൈന്‍.

ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ഭക്ഷണപ്പൊതികള്‍ കൈമാറിക്കൊണ്ടാണ് ദമ്പതികള്‍ മാതൃകയായത്.

പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ദമ്പതികള്‍ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണപ്പൊതികള്‍ എത്തിക്കുകയായിരുന്നു. ഇന്നലെ (ഞായർ)യാണ് ഇവരുടെ വിവാഹം നടന്നത്.

‘ഹൃദയം പൂര്‍വം’ പദ്ധതിയിലൂടെയാണ് ഡി.വൈ.എഫ്.ഐ അര്‍ഹതപ്പെട്ടവരിലേക്ക് പൊതിച്ചോറുകള്‍ എത്തിക്കുന്നത്. അരലക്ഷത്തോളം ഭക്ഷണഭക്ഷണപ്പൊതികളാണ് വീടുകളില്‍ നിന്ന് ശേഖരിച്ച് ഡി.വൈ.എഫ്.ഐ ആശുപത്രികളിലെത്തിക്കുന്നത്.

2025 പെസഹാദിനത്തില്‍ ഡി.വൈ.എഫ്.ഐയുടെ ഹൃദയ പൂര്‍വം പദ്ധതിയെ അഭിനന്ദിച്ച് ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ രംഗത്തെത്തിയിരുന്നു.

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണം ഒരു മാതൃകയാണെന്നും സാമൂഹിക സേവനം ലഹരിയായി കണ്ടാല്‍ മാത്രമേ വിനയത്തിലൂടെ മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ലോക്‌സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോര്‍ വിതരണം ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഡി.വൈ.എഫ്.ഐ നേതാവ് ചിന്ത ജെറോം അടക്കമുള്ള നേതാക്കളെ മുന്‍നിര്‍ത്തിയായിരുന്നു സോഷ്യല്‍ മീഡിയയിലെ ആക്രമണം.

എന്നാല്‍ ഇത്തരം ട്രോളുകളെയും വിമര്‍ശനങ്ങളെയും മുഖവിലക്കെടുക്കാതെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹൃദയ പൂര്‍വം പദ്ധതിയുമായി മുന്നോട്ടുപോകുകയായിരുന്നു.

Content Highlight: dyfi leader nasif hussain distributes free food on his wedding day in kollam