IPL
ആ റെക്കോഡ് സ്വന്തമാക്കാന്‍ ഇന്നും സഞ്ജുവില്ല; തോറ്റാല്‍ എല്ലാം അവസാനിക്കുന്ന മത്സരത്തില്‍ ആദ്യ ചിരി രാജസ്ഥാന്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 02:24 pm
Monday, 28th April 2025, 7:54 pm

തുടര്‍ച്ചയായ തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്സില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടത്തിനാണ് ഐ.പി.എല്‍ 2025 സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം.

ഒടുവില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും പരാജയപ്പെട്ടാണ് രാജസ്ഥാന്‍ ഹോം ഗ്രൗണ്ടില്‍ സീസണിലെ പത്താം മത്സരം കളിക്കാനെത്തുന്നത്. ഇതുവരെ കളിച്ച ഒമ്പത് മത്സരത്തില്‍ ഏഴിലും പരാജയപ്പെട്ട് നാല് പോയിന്റോടെയാണ് ടീം പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് തുടരുന്നത്. കരുത്തരായ ടൈറ്റന്‍സിനെതിരെ പരാജയപ്പെട്ടാല്‍ ഹല്ലാ ബോല്‍ ആര്‍മിയുടെ ഐ.പി.എല്‍ യാത്രക്കും അന്ത്യമാകും.

 

പരിക്കേറ്റ സഞ്ജു സാംസണില്ലാതെയാണ് രാജസ്ഥാന്‍ കളത്തിലിറങ്ങുന്നത്. നേരത്തെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. അന്ന് ബാറ്റിങ് പൂര്‍ത്തിയാക്കാതെ കളം വിട്ട താരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും റോയല്‍ ചലഞ്ചേഴ്‌സിനെതിരെയും കളത്തിലിറങ്ങിയിരുന്നില്ല.

ഈ മത്സരങ്ങളിലെല്ലാം തന്നെ ഒരു തകര്‍പ്പന്‍ നേട്ടവും സഞ്ജുവിന് മുമ്പിലുണ്ടായിരുന്നു. ഇതിന് വേണ്ടിയിരുന്നതാകട്ടെ വെറും മൂന്ന് സിക്‌സറുകളും. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടം സ്വന്തമാക്കാനുള്ള അവസരമായിരുന്നു താരത്തിന് മുമ്പിലുണ്ടായിരുന്നത്.

ഇതിന് പുറമെ ടി-20യില്‍ 350 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന 34ാം താരം, നാലാമത് ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങളും സഞ്ജുവിന് നേടാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ റെക്കോഡുകള്‍ക്കായി സഞ്ജു ഇനിയും കാത്തിരിക്കണം.

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 എന്ന നിലയിലാണ്. 11 പന്തില്‍ 16 റണ്‍സുമായി ശുഭ്മന്‍ ഗില്ലും ഏഴ് പന്തില്‍ 11 റണ്‍സുമായി സായ് സുദര്‍ശനുമാണ് ക്രീസില്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കരീം ജന്നത്, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ജോഫ്രാ ആര്‍ച്ചര്‍, മഹീഷ് തീക്ഷണ, സന്ദീപ് ശര്‍മ, യുദ്ധ്‌വീര്‍ സിങ്.

Content Highlight: IPL 2025: GT vs RR: Rajasthan Royals won the toss and elect to field first, Sanju Samson not playing