റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പടിയിറക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ്. പോയിന്റ് പട്ടികയിലെ ഒമ്പതാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
രാജസ്ഥാന്‍ റോയല്‍സിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന സ്വന്തം ഹോം ഗ്രൗണ്ട്, ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. നേരത്തെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഹെഡ് ടു ഹെഡ്ഡില്‍ ടൈറ്റന്‍സ് തന്നെയാണ് വിജയിച്ചത്.
ഏത് സാഹചര്യത്തിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്ന ടോപ് ഓര്‍ഡറാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും വലിയ കരുത്ത്. സ്ഥിരതയുടെ പര്യായമായ സായ് സുദര്‍ശനും മികച്ച പ്രകടനം പുറത്തെടുക്കുന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് അടിത്തറയിടുന്ന ഇന്നിങ്‌സ് പിന്നാലെയെത്തുന്ന ജോസ് ബട്‌ലര്‍ കെട്ടിപ്പൊക്കുന്നതാണ് ടീമിന്റെ ശൈലി. ഇന്ന്, ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ ഏറ്റവുമധികം ഭയക്കേണ്ടതും ടൈറ്റന്‍സിന്റെ ടോപ് ഓര്‍ഡറിനെയാണ്.
സായ്-ഗില്‍ സഖ്യത്തെക്കാള്‍ രാജസ്ഥാനെതിരെ തിളങ്ങാന്‍ സാധ്യത കല്‍പ്പിക്കുന്നത് ജോസ് ബട്‌ലറിന് തന്നെയാണ്. ഇപ്പോള്‍ സഞ്ജു സാംസണ്‍ ഒഴികെ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള എല്ലാ താരങ്ങളേക്കാളും സവായ് മാന്‍സിങ് സ്റ്റേഡിയത്തെ ജോസ് ബട്‌ലറിന് അത്രകണ്ട് പരിചയമുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണവും.
2016ല്‍ ആരംഭിച്ച തന്റെ ഐ.പി.എല്‍ കരിയറിലെ സിംഹഭാഗവും ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. ഈ സ്റ്റേഡിയത്തില്‍ സഞ്ജുവൊഴികെ മറ്റേത് താരത്തേക്കാളും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്തും ബട്‌ലറിനുണ്ട്.
ഈ മത്സരത്തില്‍ ഒരു മികച്ച റെക്കോഡും ബട്‌ലറിനെ കാത്തിരിക്കുന്നുണ്ട്. സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സഞ്ജു സാംസണെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ബട്‌ലറിന് മുമ്പിലുള്ളത്.
ഈ മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കുന്നില്ല എന്നതിനാല്‍ തന്നെ രാജസ്ഥാന്‍ നായകനെ മറികടക്കാനുള്ള അവസരങ്ങളും താരത്തിന് മുമ്പിലുണ്ട്.
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
അജിന്‍ക്യ രഹാനെ – 1115
ഷെയ്ന്‍ വാട്‌സണ്‍ – 875
സഞ്ജു സാംസണ്‍ – 804
ജോസ് ബട്‌ലര്‍ – 769
അതേസമയം, ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്റെ ഇടക്കാല നായകന്‍ റിയാന്‍ പരാഗ് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും പ്രധാന മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ ഡു ഓര്‍ ഡൈ മത്സരത്തിനിറങ്ങുന്നത്.
Content highlight: IPL 2025: Jos Buttler need 36 runs to surpass Sanju Samson in the list of most runs at Jaipur