IPL
ധോണി വീണ്ടും ക്യാപ്റ്റന്‍; ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നമ്മള്‍ പേര് മാറ്റി വിളിക്കേണ്ടി വരുമോ? തുറന്നടിച്ച് ആകാശ് ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 11, 11:31 am
Friday, 11th April 2025, 5:01 pm

എം.എസ്. ധോണി ക്യാപ്റ്റനായി മടങ്ങിയെത്തുന്നതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതകളുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ആകാശ് ചോപ്ര ക്യാപ്റ്റനായുള്ള ധോണിയുടെ മടങ്ങിവരവിനെ കുറിച്ചും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കുറിച്ചും സംസാരിക്കുന്നത്.

നായകന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിന് പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ ക്യാപ്റ്റന്റെ ചുമതലയേല്‍പ്പിച്ചത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തുഷാര്‍ ദേശ്പാണ്ഡേയുടെ പന്ത് കയ്യിലടിച്ചുകൊണ്ടാണ് ഗെയ്ക്വാദിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ കൈമുട്ടിന് പൊട്ടലുണ്ടെന്നും സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഗെയ്ക്വാദിന് നഷ്ടപ്പെടുമെന്നും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിലാണ് ധോണി ടീമിന്റെ ക്യാപ്റ്റനായി മടങ്ങിയെത്തുക.

‘എം.എസ്. ധോണി ഒരിക്കല്‍ക്കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായിരിക്കുകയാണ്. ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റിട്ടുണ്ട്, സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കില്ല എന്നാണ് മനസിലാകുന്നത്.

ധോണിയില്‍ എന്തൊക്കെയോ സ്‌പെഷ്യലായി ഉണ്ട് എന്നതിനാല്‍ വളരെ പെട്ടെന്നാണ് ത്രില്‍ ഉണ്ടാകുന്നത്. നമ്മള്‍ സ്‌നേഹത്തോടെ ധോണിയെ മാജിക് സിങ് ധോണിയെന്നും മിറാക്കുലസ് സിങ് ധോണിയെന്നും വിളിക്കാറുണ്ട്. ഇതുപോലെ നമ്മള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ കംബാക്ക് സൂപ്പര്‍ കിങ്‌സ് എന്ന് വിളിക്കേണ്ടി വരുമോ?’ ചോപ്ര ചോദിച്ചു.

ഇത് രണ്ടാം തവണയാണ് സീസണിന്റെ ഇടയില്‍ ധോണി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തുന്നത്. ഐ.പി.എല്‍ 2022ല്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയാണ് സൂപ്പര്‍ കിങ്‌സ് സീസണ്‍ ആരംഭിച്ചത്. എന്നാല്‍ തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പിന്നാലെ ജഡ്ഡു ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയും ധോണി ക്യാപ്റ്റനായി മടങ്ങിയെത്തുകയുമായിരുന്നു.

എന്നാല്‍ ധോണിയുടെ തിരിച്ചുവരവിനും ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല. ഒമ്പതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.

സമാനമാണ് സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസ്ഥ. ആദ്യ മത്സരത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള എല്ലാ മത്സരത്തിലും പരാജയപ്പെട്ടു. 180 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കാത്ത ടീം എന്ന നാണക്കേടും ഇതിനൊപ്പം സൂപ്പര്‍ കിങ്‌സിനെ വിടാതെ പിടികൂടിയിട്ടുണ്ട്.

കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെപ്പോക്കില്‍ നേരിടുമ്പോള്‍ ചെപ്പോക്ക് തങ്ങളുടെ കോട്ടയാണെന്ന് പോലും ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മഞ്ഞപ്പട.

 

2008ന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും 2010ന് ശേഷം ദല്‍ഹി ക്യാപ്പിറ്റല്‍സും (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) ചെന്നൈയെ സ്വന്തം കോട്ടയിലിട്ട് കത്തിച്ചതിനും ഈ സീസണ്‍ സാക്ഷിയായതാണ്. ധോണിയുടെ മടങ്ങിവരവില്‍ ഒരു മാജിക് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: IPL 2025: Akash Chopra on MS Dhoni return as Chennai Super Kings’ captain