national news
ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച കോടതിവിധി കേരളത്തിന് ബാധകമല്ലെന്ന് കേന്ദ്രം; സംസ്ഥാനത്തിന്റെ ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 22, 06:47 am
Tuesday, 22nd April 2025, 12:17 pm

ന്യൂദല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി കേരളത്തിന് ബാധകമല്ലെന്ന് കേന്ദ്രം. ബില്ലുകളില്‍ തീരുമാനമെടുക്കാത്തതില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ വാദം.

എന്നാല്‍ തമിഴ്‌നാടിനെ പോലെ കേരളത്തിനും വിധി ബാധകമാണോയെന്ന് പരിശോധിക്കമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹരജി മറ്റൊരു ദിവസത്തേക്ക് മാറ്റി നിര്‍ത്തണമെന്ന കേന്ദ്രത്തിന്റെ ആവശ്യം മാനിച്ച് അടുത്ത വാദം മെയ് ആറിലേക്ക് കോടതി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഗവര്‍ണര്‍ ബില്ലുകള്‍ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട് കേരളം രണ്ട് ഹരജികളുമായാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയും മറ്റൊന്ന് അത് ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയുമാണ് നല്‍കിയത്. നാല് ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവെച്ചതിനെതിരെ നല്‍കിയ ഹരജിയാണ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയുള്ളത്.

ജെ.ബി പര്‍ദ്ദിവാല അധ്യക്ഷനായ രണ്ടംഗ ബെഞ്ച് നല്‍കിയ വിധി അനുസരിച്ച് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള വിധി കേരളത്തിനും ബാധകമാക്കണമെന്ന് കേരളത്തിന് വേണ്ടി ഹാജരായ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ പറയുകയായിരുന്നു.

ബാധകമാണോയെന്ന് വിശദമായി പരിശോധിക്കണമെന്നും ഇനി വിശദമായ വാദം ആവശ്യമാണെന്നും കേന്ദ്രം പറഞ്ഞു. രണ്ടംഗബെഞ്ചിന്റെ വിധി കേരളത്തിനും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയാല്‍ മാത്രമേ തമിഴ്‌നാടിനെ പോലെ കേരളം പാസാക്കിയ ബില്ലുകള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ.

അതേസമയം രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ അധിക ഹരജി കേരളം പിന്‍വലിക്കുകയും ചെയ്തു. ഇതിനകം മാര്‍ഗനിര്‍ദേശം നല്‍കാനുള്ള വിധി വന്നതിനെ തുടര്‍ന്നാണ് ഹരജി പിന്‍വലിച്ചത്.

Content Highlight: Centre says court verdict setting time limit for bills not applicable to Kerala; Supreme Court to consider state’s plea