മലയാളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ എന്നിവര്‍. മൂവരുടെയും സിനിമകള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ മൂന്ന് പേരും ബോക്‌സ് ഓഫീസില്‍ നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓണം റിലീസിലാണ് ഈ ക്ലാഷ് അരങ്ങേറുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോയില്‍ ഒരുങ്ങുന്ന ഹൃദയപൂര്‍വം, ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര, നവാഗത സംവിധായകന്‍ ജയന്‍ നമ്പ്യാര്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുക. ഇതാദ്യമായാണ് മൂവരുടെയും സിനിമകള്‍ ഒരുമിച്ച് ക്ലാഷിന് ഏറ്റുമുട്ടുന്നത്.
10 വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. 2014ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത, സംഗീത് പ്രതാപ്, സിദ്ദിഖ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളക്ക് ശേഷം അല്‍ത്താഫ് സലിം സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ചെറിയൊരു ഇടവേളക്ക് ശേഷം ഫഹദ് നായകനാകുന്ന റോം കോം ചിത്രമാണ് ഇത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ് കൃഷ്ണ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധയും ഈ ക്ലാഷിലെ വലിയ ആകര്‍ഷണമാണ്. ജി.ആര്‍. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്യേണ്ടിയിരുന്ന പ്രൊജക്ടായിരുന്നു വിലായത്ത് ബുദ്ധ. 2021ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് നീണ്ടുപോവുകയായിരുന്നു. ഡബിള്‍ മോഹനന്‍ എന്ന ചന്ദനകടത്തുകാരനായാണ് പൃഥ്വി വിലായത്ത് ബുദ്ധയില്‍ വേഷമിടുന്നത്.
മൂന്ന് വ്യത്യസ്ത ഴോണറിലുള്ള സിനിമകളില്‍ പ്രേക്ഷകര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നറിയാന്‍ ഇപ്പോള്‍ തന്നെ സിനിമാലോകത്ത് ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. 2017ലെ ഓണം റിലീസുകളില്‍ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജ് നായകനായ ആദം ജോണ്‍, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ സിനിമകള്‍ ക്ലാഷ് റിലീസില്‍ ഏറ്റുമുട്ടിയിരുന്നു. കൂടെയുണ്ടായിരുന്ന വമ്പന്മാരെ തോല്പിച്ച് സീസണ്‍ വിന്നറായത് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയായിരുന്നു.
Content Highlight: Mohanlal Fahadh Fasil Prithviraj going to clash release for onam 2025