Entertainment
മമ്മൂട്ടിയെപ്പോലെ അപ്‌ഡേറ്റായ നടന്റെ സിനിമയില്‍ ഇതുപോലുള്ള ആളുകളെ കാസ്റ്റ് ചെയ്യണമായിരുന്നോ? ബസൂക്കയിലെ സന്തോഷ് വര്‍ക്കിയുടെ കഥാപാത്രത്തിനെതിരെ വ്യാപക വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 11:14 am
Friday, 11th April 2025, 4:44 pm

വിഷു റിലീസുകള്‍ക്കിടയില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് മമ്മൂട്ടി നായകനായെത്തിയ ബസൂക്ക. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ചിത്രം ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുങ്ങിയിരിക്കുന്നത്. ആദ്യാവസാനം മമ്മൂട്ടി എന്ന സ്‌റ്റൈല്‍ ഐക്കണിന്റെ വണ്‍ മാന്‍ ഷോയാണ് ബസൂക്കയെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. അതില്‍ ഒന്നാണ് സന്തോഷ് വര്‍ക്കിയുടെ കാസ്റ്റിങ്. അണിയറപ്രവര്‍ത്തകര്‍ വന്‍ ബില്‍ഡപ്പ് നല്‍കി കോമഡി രൂപത്തിലാണ് സന്തോഷ് വര്‍ക്കിയെ അവതരിപ്പിച്ചത്. ആദ്യ ഷോ അവസാനിച്ചപ്പോഴേക്ക് തന്റെ ഫോട്ടോ വെച്ച് സന്തോഷ് വര്‍ക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

മോഹന്‍ലാല്‍ ചിത്രം ആറാട്ടിന് തിയേറ്റര്‍ റിവ്യൂ പറഞ്ഞതിലൂടെയാണ് സന്തോഷ് വര്‍ക്കി സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് ഒരുപാട് സിനിമകള്‍ക്ക് റിവ്യൂ നല്‍കിയ സന്തോഷ് മറ്റ് പല വിവാദങ്ങളിലൂടെയും കുപ്രസിദ്ധി നേടി. ഓരോ നടിമാരെക്കുറിച്ചും വെര്‍ബല്‍ അബ്യൂസ് ചെയ്താണ് പിന്നീട് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്.

ഇത്തരത്തില്‍ മോശം മാനസികാവസ്ഥയുള്ള ഒരു വ്യക്തിയെ ഇത്രയും വലിയൊരു സിനിമയില്‍ അഭിനയിപ്പിച്ചതിലൂടെ എന്ത് സന്ദേശമാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും ചോദിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി കഴിവുള്ള ഒരുപാട് ആളുകള്‍ അവസരം ലഭിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

 

മറ്റ് നടന്മാരെക്കാള്‍ എല്ലാ കാര്യത്തിലും അപ്‌ഡേറ്റായി നില്‍ക്കുന്നുവെന്ന് ആരാധകര്‍ വാഴ്ത്തുന്ന മമ്മൂട്ടിയെപ്പോലൊരു വലിയ നടന്റെ സിനിമയില്‍ സന്തോഷ് വര്‍ക്കിയെപ്പോലെ ഒരു വ്യക്തിയെ അഭിനയിപ്പിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ചിലര്‍ പറയുന്നു. വിവാദത്തില്‍ പെട്ടവരെ സിനിമയില്‍ അവസരം നല്‍കി നെഗറ്റീവ് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ഒമര്‍ ലുലുവിനെപ്പോലുള്ള സംവിധായകനെപ്പോലെ ബസൂക്കയുടെ സംവിധായകന്‍ അധഃപതിച്ചോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

സിനിമയില്‍ യാതൊരു പ്രാധാന്യവും ഇല്ലാത്ത വേഷമായിരുന്നു സന്തോഷിന്റേത്. അതുവരെയുണ്ടായിരുന്ന സിനിമയുടെ എല്ലാ മൂഡിനെയും ഇല്ലാതാക്കുന്ന തരത്തിലായിരുന്നു സംവിധായകന്‍ സന്തോഷ് വര്‍ക്കിയെ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷം പുറത്തിറങ്ങിയ ഡ്രാഗണ്‍ എന്ന സിനിമയില്‍ മിഷ്‌കിന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട്, ‘കഴിവില്ലാത്ത നീ വളഞ്ഞ വഴിയിലൂടെ ഇവിടെ എത്തുമ്പോള്‍ കഴിവുണ്ടായിട്ടും അവസരം കിട്ടാതെ നടക്കുന്നവരൊക്കെ ഭ്രാന്തന്മാരാണോ’ ഈ ഡയലോഗും പലരും അവരുടെ പോസ്റ്റില്‍ ഉപയോഗിക്കുന്നുണ്ട്.

Content Highlight: People criticizing Bazooka’s makers for giving chance for Santhosh Varkey