നാലാം ക്ലാസ് മുതല്‍ അഭിനയം തുടങ്ങി പിന്നീട് മമ്മൂട്ടിയുടെ ചെറുപ്പക്കാലം ചെയ്ത് ഏറെ ശ്രദ്ധേയനായ നടനാണ് രോഹിത്ത് മേനോന്‍. 2005ല്‍ പ്രിയാമണി – ഡിനു ഡെന്നീസ് എന്നിവര്‍ ഒന്നിച്ച ഒറ്റനാണയം എന്ന ചിത്രത്തിലൂടെയാണ് രോഹിത്ത് അഭിനയം ആരംഭിക്കുന്നത്.
പിന്നീട് 2006ലാണ് ആദ്യമായി രോഹിത്ത് മമ്മൂട്ടിയുടെ ചെറുപ്പം ചെയ്യുന്നത്. പ്രജാപതി എന്ന ചിത്രത്തിലായിരുന്നു അത്. അതിന് ശേഷം നിരവധി സിനിമകളില്‍ മമ്മൂട്ടിയുടെ ചെറുപ്പം അവതരിപ്പിച്ച രോഹിത്തിന് ‘ജൂനിയര്‍ മമ്മൂക്ക’ എന്ന ടാഗ്‌ലൈന്‍ പോലും ലഭിച്ചിരുന്നു.
പതിനെട്ടോളം സിനിമകളില്‍ അഭിനയിച്ച രോഹിത്ത് 16 സിനിമകളിലും നായകന്മാരുടെ ചെറുപ്പമാണ് ചെയ്തത്. 2015ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ പത്തേമാരിയായിരുന്നു രോഹിത്ത് നായകന്റെ ചെറുപ്പമായി അഭിനയിച്ച അവസാന ചിത്രം.
ഇപ്പോള്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും അദ്ദേഹത്തോട് ആദ്യമായി സംസാരിച്ചതിനെ കുറിച്ചും പറയുകയാണ് രോഹിത്ത് മേനോന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂക്കയെ ഞാന്‍ ആദ്യമായി കാണുന്നത് പ്രജാപതി എന്ന സിനിമയുടെ സമയത്താണ്. ഞാന്‍ അന്ന് തീരെ ചെറുപ്പമായിരുന്നു. ഏഴാം ക്ലാസിലോ മറ്റോ പഠിക്കുന്ന സമയമായിരുന്നു അത്. ലൊക്കേഷനില്‍ വെച്ചാണ് കണ്ടത്.
എന്നാല്‍ നേരിട്ട് കണ്ട് സംസാരിക്കുന്നത് ഫേസ് റ്റു ഫേസ് (2012) എന്ന സിനിമയിലാണ്. അതില്‍ ഞാന്‍ സാറിന്റെ മകനായിട്ടാണ് അഭിനയിച്ചത്. ആ സിനിമയില്‍ ഞങ്ങള്‍ക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു.
അന്ന് ഞാന്‍ അദ്ദേഹത്തോട് ഒരുപാട് സംസാരിച്ചു. ഇത്ര സിനിമകളില്‍ ഞാന്‍ സാറിന്റെ ചെറുപ്പം ചെയ്തിട്ടുണ്ടെന്നൊക്കെ മമ്മൂക്കയോട് പറഞ്ഞു. അദ്ദേഹം ആ സിനിമകളൊക്കെ എന്തായാലും കാണുമല്ലോ. സിനിമ കണ്ടിരുന്നു എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞത്,’ രോഹിത്ത് മേനോന്‍ പറയുന്നു.
Content Highlight: Rohit Menon Talks About Mammootty’s Reply