കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനമര്‍പ്പിച്ച് ഐ.പി.എല്ലും. സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐ.പി.എല്‍ 2025ലെ 41ാം മത്സരത്തില്‍ കറുത്ത ആം ബാന്‍ഡ് ധരിച്ചാകും താരങ്ങള്‍ കളത്തിലിറങ്ങുക.
താരങ്ങള്‍ മാത്രമല്ല, അമ്പയര്‍മാരടക്കമുള്ള മാച്ച് ഒഫീഷ്യലുകളും കറുത്ത ആം ബാന്‍ഡ് ധരിക്കും. കൊല്ലപ്പെട്ടവര്‍ക്കായി ഒരു നിമിഷം മൗനം ആചരിച്ച ശേഷമാകും മത്സരം അരങ്ങേറുക.
Standing in solidarity with the victims of the Pahalgam terror attack. Prayers for the families who lost their loved ones in this gruesome attack 💔 pic.twitter.com/KXAJelZ1n3
— BCCI (@BCCI) April 23, 2025
ഐ.പി.എല്‍ മാച്ചുകള്‍ക്ക് ആവേശമിരട്ടിയാക്കുന്ന വെടിക്കെട്ടുകളോ ചിയര്‍ ഗേള്‍സോ ഈ മത്സരത്തിന്റെ ഭാഗമാകില്ല.
പഹല്‍ഗാമില്‍ കൊല്ലപ്പെട്ടവര്‍ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍, പരിശീലകര്‍, മുന്‍ താരങ്ങള്‍ എന്നിവരും അനുശോചനമറിയിച്ചിരുന്നു.
Instagram story of Mohammed Siraj 🙏 pic.twitter.com/BiReLbsaib
— Johns. (@CricCrazyJohns) April 23, 2025
Instagram story of Mohammed Shami 🙏 pic.twitter.com/ISmIWtHGfU
— Johns. (@CricCrazyJohns) April 23, 2025
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്നത്. 25 വര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്ക് നേരെ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
നിലവില്‍ മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ ജമ്മു കശ്മീര്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ബാരാമുള്ളയില്‍ നുഴഞ്ഞുകയറിയ നാല് ഭീകരരെ വധിച്ചതായും പ്രദേശത്ത് നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തിയതായും സൈന്യം അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ആക്രമണത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം (ചൊവ്വ) ഉച്ചയോടെയുണ്ടായ ആക്രമണത്തില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.
അതേസമയം, ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സകല നയതന്ത്ര ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി തിരികെ വാങ്ങുക, പാകിസ്ഥാനിലെ നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ നീക്കങ്ങളിലേക്ക് ഇന്ത്യ കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിന് പുറമെ ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വിസകളും റദ്ദാക്കും. പാകിസ്ഥാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രകള്‍ക്കും വിലക്ക് കൊണ്ടുവരാന്‍ സാധ്യതകളുണ്ട്.
ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഞ്ചാരത്തിനായി തുറന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി അടക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കും.
പാകിസ്ഥാനുമായുള്ള സഹകരണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി വാഗ, ഹുസൈന്‍വാല, ആര്‍.എസ്. പുര അതിര്‍ത്തികളില്‍ നടക്കാറുള്ള പതാക താഴ്ത്തല്‍, ബീറ്റിങ് റീട്രീറ്റ് ചടങ്ങുകള്‍ ഒഴിവാക്കും. മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധുനദീജല കരാറില്‍നിന്ന് പിന്മാറിയേക്കുമെന്നും സൂചനകളുണ്ട്.
പഹല്‍ഗാമിലെ സംഭവവികാസങ്ങള്‍ ഇന്ത്യ യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വിശദമാക്കുന്ന തെളിവുകളും കൈമാറും. പാകിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനായി നയതന്ത്രതലത്തില്‍ കൂടുതല്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
Content Highlight: Pahalgam terror attack: No fireworks or cheerleaders, players and umpires to wear black armbands during MI vs SRH clash