തമിഴിലെ മികച്ച സംഗീത സംവിധായകരിലൊരാളാണ് സന്തോഷ് നാരായണന്‍. പാ. രഞ്ജിത് സംവിധാനം ചെയ്ത അട്ടക്കത്തിയിലൂടെയാണ് സന്തോഷ് നാരായണന്‍ സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നത്.
ചുരുങ്ങിയ കാലം കൊണ്ട് തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിക്കാന്‍ സന്തോഷ് നാരായണന് സാധിച്ചു. വ്യത്യസ്തമായ ശൈലിയാണ് മറ്റുള്ളവരില്‍ നിന്ന് സന്തോഷ് നാരായണനെ വ്യത്യസ്തമാക്കുന്നത്.
കാര്‍ത്തിക് സുബ്ബരാജിന്റെ ആദ്യ ചിത്രമായ പിസ്സയില്‍ സംഗീതം നിര്‍വഹിച്ചത് സന്തോഷ് നാരായണന്‍ ആയിരുന്നു. തുടര്‍ന്ന് ജിഗര്‍തണ്ട ഡബിള്‍ എക്‌സ്, മഹാന്‍ എന്നിങ്ങനെ ഇരുവരുടെയും കോമ്പോയില്‍ മികച്ച ചിത്രങ്ങള്‍ വന്നിട്ടുണ്ട്. അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ റെട്രോയില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നു. സൂര്യയാണ് നായക വേഷത്തില്‍ എത്തുന്നത്.
ഇപ്പോള്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ബ്ലാക് ആന്‍ഡ് വൈറ്റ് എന്ന ഷോര്‍ട്ട് ഫിലിം കണ്ട അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് നാരായണന്‍.
പിസ്സ സിനിമയുടെ കഥ പറയാനായും മറ്റും അന്ന് തന്നെ കാര്‍ത്തിക് കാണാന്‍ വന്നുവെന്നും അദ്ദേഹത്തോട് ചെയ്ത വര്‍ക്കുകള്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന ഷോര്‍ട്ട് ഫിലിമിന്റെ തമ്പ്‌ഡ്രൈവ് തന്നെ ഏല്‍പ്പിക്കുകയുണ്ടായെന്നും സന്തോഷ് നാരായണന്‍ പറയുന്നു. അന്നത്തെ കൂടികാഴ്ച്ചക്ക് ശേഷം താന്‍ കാര്യമായി ഒന്നും അദ്ദേഹത്തോട് പറയാതെ വീട്ടിലേക്ക് പോയെന്നും തന്റ ഒരു സുഹൃത്ത് കാര്‍ത്തിക്കിന്റ വര്‍ക്കുകളെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞുവെന്നും സന്തോഷ് നാരായണന്‍ പറയുന്നു. പിന്നീട് താന്‍ ആ ഷോര്‍ട്ട് ഫിലിം കണ്ട് ആകെ സ്തംഭിച്ചു പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പിസയില്‍ മ്യൂസിക് ചെയ്യാനായിട്ടാണ് കാര്‍ത്തിക് എന്നെ വന്ന് കണ്ടത്. ഞാന്‍ അദ്ദേഹത്തോട് ചെയ്ത വര്‍ക്കുകള്‍ എന്നെ കാണിക്കാന്‍ പറഞ്ഞു. അപ്പോള്‍ കാര്‍ത്തിക് അവന്റെ ബ്ലാക് ആന്‍ഡ് വെറ്റ് എന്ന ഷോര്‍ട് ഫിലിമിന്റെ തമ്പ്‌ഡ്രൈവ് എന്നെ ഏല്‍പ്പിച്ചു. കഥ പറയാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ കഥ പറയാന്‍ അറിയില്ലെന്ന് പറഞ്ഞു. ഓക്കെ സീ യൂ, ബൈ എന്ന് പറഞ്ഞ് ഞാന്‍ പിന്നെ വീട്ടിലേക്ക് പോയി.
അവിടെ എന്റെ ഒരു ഫ്രണ്ട് ഉണ്ട്. ഒരു കമ്പോസര്‍. ഇന്ന് ഞാന്‍ കാര്‍ത്തിക് സുബ്ബരാജിനെ കണ്ടിരുന്നു എന്ന് അദ്ദേഹത്തിന്റെ അടുത്ത് പറഞ്ഞു. ‘കാര്‍ത്തിക് വേറെ ലെവല്‍ ആടാ, അടിപൊളിയാണ്. ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട് പക്ഷേ അദ്ദേഹത്തിന്റെ വര്‍ക്കുകളൊന്നും കണ്ടിട്ടില്ല കാരണം ഇന്റര്‍നെറ്റും ടി.വിയൊന്നും ഇല്ല’ എന്ന് പറഞ്ഞു എന്നോട്. അങ്ങനെ ഞാന്‍ കാര്‍ത്തികിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന ഷോര്‍ട് ഫിലിം കണ്ടു. അത് കണ്ട് ഞാനാകെ ഞെട്ടി പോയി,’ സന്തോഷ് നാരായണന്‍ പറഞ്ഞു.
Content Highlight: Santhosh narayanan talks about Karthik Subaraj’s short film Black and white