Sports News
ആവേശം കുറച്ച് കൂടുതലാ, മാപ്പാക്കണം! വിക്കറ്റ് നേടിയതിന് പിന്നാലെ സ്വന്തം വിക്കറ്റ് കീപ്പറെ 'തലക്കടിച്ചുവീഴ്ത്തി' പാക് ബൗളര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 11:41 am
Wednesday, 23rd April 2025, 5:11 pm

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് – ലാഹോര്‍ ഖലന്ദേഴ്‌സ് മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വിക്കറ്റ് സെലിബ്രേഷനില്‍ ബൗളറുടെ ആവേശം കൈവിട്ടുപോവുകയും വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതാണ് സംഭവം.

മുള്‍ട്ടാനില്‍ നടന്ന മത്സരത്തില്‍ ഖലന്ദേഴ്‌സ് താരം സാം ബില്ലിങ്‌സിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഈ കൈവിട്ട സെലിബ്രേഷന് വഴിയൊരുങ്ങിയത്.

ഉബൈദ് ഷായെറിഞ്ഞ 15ാം ഓവറിലെ അവസാന പന്തില്‍ കമ്രാന്‍ ഗുലാമിന് ക്യാച്ച് നല്‍കിയാണ് സാം ബില്ലിങ്‌സ് പുറത്താകുന്നത്. 23 പന്തില്‍ 43 റണ്‍സുമായി യുണൈറ്റഡിനെ വിജയത്തിലേക്ക് നയിക്കവെയാണ് ആറാം വിക്കറ്റായി മുള്‍ട്ടാന്‍ സുല്‍ത്താന്‍ ബില്ലിങ്‌സിനെ മടക്കുന്നത്.

വിക്കറ്റ് സെലിബ്രേഷനിടെ ബൗളര്‍ ഉബൈദ് ഷായ്ക്ക് ഹൈ ഫൈവ് നല്‍കാന്‍ ഓടിയെത്തിയതായിരുന്നു വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍. എന്നാല്‍ ആവേശത്താല്‍ മതിമറന്ന ഉബൈദ് ഷാ ഹൈ ഫൈവ് പൂര്‍ണമായും മിസ് ചെയ്യുകയും ഉസ്മാന്‍ ഖാന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.

അത്യാവശ്യം നല്ല കനത്തില്‍ തന്നെയാണ് ഉസ്മാന്‍ ഖാന്റെ തലയില്‍ അടി കൊണ്ടത്. ഇതോടെ താരം നിലത്ത് വീണുപോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

അതേസമയം, മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് 33 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഹോം ടീം ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലാഹോര്‍ ഖലന്ദേഴ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുള്‍ട്ടാന്‍ യാസിര്‍ ഖാന്റെ പ്രകടനത്തിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 44 പന്ത് നേരിട്ട് 87 റണ്‍സാണ് താരം അടിച്ചെടുത്തത്. ആറ് വീതം സിക്‌സറും ഫോറും അടങ്ങുന്നതായിരുന്നു യാസിര്‍ ഖാന്റെ ഇന്നിങ്‌സ്.

ഇഫ്തിഖര്‍ അഹമ്മദ് (18 പന്തില്‍ പുറത്താകാതെ 40), ഉസ്മാന്‍ ഖാന്‍ (24 പന്തില്‍ 39), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (17 പന്തില്‍ 32) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ടീം അഞ്ചിന് 228ലെത്തി.

ഖലന്ദേഴ്‌സിനായി റിഷാദ് ഹൊസൈന്‍ രണ്ട് വിക്കറ്റും ആസിഫ് അഫ്രിദി, സിക്കന്ദര്‍ റാസ, ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രിദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖലന്ദേഴ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് വിജയത്തിലെത്താക്കാന്‍ മാത്രം പോന്നതായിരുന്നില്ല. 27 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് ടോപ് സ്‌കോറര്‍. സാം ബില്ലിങ്‌സ് രണ്ടാമത് മികച്ച റണ്‍ ഗെറ്ററായി. 14 പന്തില്‍ 32 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് ലാഹോര്‍ നിരയില്‍ മികച്ചുനിന്ന മറ്റൊരു താരം.

229 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഖലന്ദേഴ്‌സിന് ഒടുവില്‍ ഒമ്പത് വിക്കറ്റില്‍ 195 റണ്‍സ് മാത്രമാണ് നേടാനായത്.

ഉബൈദ് ഷാ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ഒസാമ മിറും മൈക്കല്‍ ബ്രേസ്വെല്ലും രണ്ട് വിക്കറ്റ് വീതം നേടി. ജോഷ്വ ലിറ്റിലും ഡേവിഡ് വില്ലിയുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

 

Content Highlight: PSL: Multan Sultans’ bowler celebrates so passionately he injures wicketkeeper