Advertisement
national news
പഹല്‍ഗാം ഭീകരാക്രമണം; യഥാര്‍ത്ഥ കുറ്റവാളികള്‍ അണിയറയ്ക്ക് പിന്നിലെന്ന് രാജ്‌നാഥ് സിങ്; ശക്തമായ മറുപടി നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Wednesday, 23rd April 2025, 6:25 pm

ന്യൂദല്‍ഹി: പഹല്‍ഗാമില്‍ 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. യഥാര്‍ത്ഥ കുറ്റവാളികള്‍ അണിയറയ്ക്ക് പിന്നില്‍ തന്നെയാണെന്നും അവര്‍ക്ക് ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്നലെ പഹല്‍ഗാമില്‍ ഒരു പ്രത്യേക മതത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍ ആക്രമണം നടത്തിയതിലൂടെ തീവ്രവാദികള്‍ ഭീരുത്വപൂര്‍ണമായ ഒരു പ്രവര്‍ത്തിയിലാണ് ഏര്‍പ്പെട്ടതെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണത്തിലൂടെ നമുക്ക് നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഭീകരര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന് കാര്യം രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുകയാണെന്നും ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ട കുറ്റവാളികളെ മാത്രമല്ല, തിരശ്ശീലയ്ക്ക് പിന്നിലുള്ളവരെയും തങ്ങള്‍ കണ്ടെത്തുമെന്നും പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു.

‘ഇന്നലെ, പഹല്‍ഗാമില്‍ ഒരു പ്രത്യേക മതത്തെ ലക്ഷ്യം വച്ചുകൊണ്ട്‌ തീവ്രവാദികള്‍  ഭീരുത്വം നിറഞ്ഞ ഒരു പ്രവൃത്തി നടത്തി. അതില്‍ നമുക്ക് നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഈ പ്രവൃത്തി ചെയ്ത കുറ്റവാളികളെ മാത്രമല്ല. തിരശ്ശീലയ്ക്ക് പിന്നിലുള്ളവരെയും ഞങ്ങള്‍ കണ്ടെത്തും. പ്രതികള്‍ക്ക് ഉടന്‍ വ്യക്തമായും മറുപടി ലഭിക്കും. ഇത് രാജ്യത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ രാജ്‌നാഥ് സിങ് പറഞ്ഞു.

ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ രാജ്നാഥ് സിങ് ഇന്ന് യോഗം ചേര്‍ന്നിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തില്‍ എന്‍.എസ്.എ അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാന്‍, ആര്‍മി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, എയര്‍ ചീഫ് മാര്‍ഷല്‍ എ. കെ സിങ് എന്നിവര്‍ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്നലെ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരുമെന്നും അവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരും. അവരെ വെറുതെ വിടില്ല. അവരുടെ അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അചഞ്ചലമാണ്. അത് കൂടുതല്‍ ശക്തമാക്കും,’ പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

ആക്രമണസമയത്ത് സൗദി സന്ദര്‍ശനത്തിലായിരുന്ന പ്രധാനമന്ത്രി യാത്ര അവസാനിപ്പിച്ച് ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു. ന്യൂദല്‍ഹിയിലെത്തിയ അദ്ദേഹം പിന്നീട് അദ്ദേഹം ദേശിയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ തന്നെ ശ്രീനഗറില്‍ എത്തിയിരുന്നു.

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാമില്‍ ഇന്നലെ (ചൊവ്വാഴ്ച) വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2019 ലെ പുല്‍വാമ ആക്രമണത്തിനുശേഷം ജമ്മു കശ്മീരിലുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്.

Content Highlight: Pahalgam terror attack; Rajnath Singh says real culprits are behind the scenes; will give a strong reply