Kerala News
വേടന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 11:53 am
Wednesday, 30th April 2025, 5:23 pm

കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്നാരോപിച്ച് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത റാപ്പര്‍ വേടന് ജാമ്യം. ഇന്ന് വേടന്റെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കവെ വനം വകുപ്പിന്റെ വാദങ്ങള്‍ കോടതി തള്ളിയതായി റിപ്പോര്‍ട്ടുകളുണ്ട്. മൃഗവേട്ട നടന്നിട്ടുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും വേടന്‍ രാജ്യം വിടുമെന്നും വനംവകുപ്പ് കോടതിയില്‍ വാദിച്ചു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് വേടന്റെ അഭിഭാഷകനും വാദിച്ചു.

പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് വേടന്റെ കഴുത്തിലെ മാല കണ്ടെടുക്കുന്നത്. ധരിച്ചത് പുലിപ്പല്ലാണെന്ന് വേടന് അറിയില്ലായിരുന്നുവെന്നും ഒരു സാധാരണക്കാരന് എങ്ങനെയാണ് പുലിപ്പല്ല് തിരിച്ചറിയാന്‍ സാധിക്കുകയെന്നും വേടന്റെ അഭിഭാഷകന്‍ ചോദിച്ചു.

തനിക്ക് സമ്മാനമായി ലഭിച്ചപ്പോള്‍ അത് വാങ്ങുകയായിരുന്നെന്നും വേടന്‍ പറഞ്ഞു. പുലിപ്പല്ലാണെന്ന് തനിക്ക് അറിയാമായിരുന്നെങ്കില്‍ കൈയില്‍ സൂക്ഷിക്കില്ലായിരുന്നെന്നും വേടന്‍ പറഞ്ഞു. ഇതിനാല്‍ മൃഗവേട്ട എന്ന കുറ്റം നിലനില്‍ക്കില്ലെന്നും വേടന്റെ അഭിഭാഷകന്‍ വാദിച്ചു. കേസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാന്‍ സന്നദ്ധനാണെന്നും വേടന്‍ കോടതിയെ അറിയിക്കുകയുണ്ടായി.

എന്നാല്‍ അറിയില്ല എന്ന് പറയുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. വേടന്‍ മുമ്പ് സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും കോടതി അന്വേഷിച്ചു. ഇല്ലെന്ന് മറുപടി നല്‍കുകയും തൊണ്ടിമുതല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കണ്ടെടുത്ത സാഹചര്യത്തിലും വനം വകുപ്പ് കസ്റ്റഡി നീട്ടി തരണമെന്ന് ആവശ്യപ്പെടാത്തതിനാലും ജാമ്യം അനുവദിക്കണമെന്ന് വേടന്‍ അഭ്യര്‍ത്ഥിച്ചു.

വേടന്റെ മാനേജരെ ചോദ്യം ചെയ്യണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ പുലിപ്പല്ല് ലഭിച്ച യഥാര്‍ത്ഥ ഉറവിടം ലഭിക്കുകയുള്ളൂവെന്നും മാല നല്‍കിയെന്ന് പറയുന്ന രഞ്ജിത് കുമ്പിടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പുലിപ്പല്ല് കൈവശം വെച്ചുവെന്നാരോപിച്ച് വനംവകുപ്പ് ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് വേടനെതിരെ ചുമത്തിയത്. കഴിഞ്ഞ ദിവസമാണ് വേടന്റെ കൊച്ചിയിലെ വൈറ്റിലയ്ക്കടുത്തുള്ള ഫ്ളാറ്റില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

അഞ്ച് ഗ്രാം കഞ്ചാവ് ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസിന്റെ വിശദീകരണം. തൃപ്പൂണിത്തറ പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്. റെയ്ഡിന്റെ സമയത്ത് വേടന്റെ കൂടെ മറ്റ് എട്ട് പേര്‍കൂടി ഫ്ളാറ്റില്‍ ഉണ്ടായിരുന്നു.

ഇവരുടെ അറസ്റ്റ് പൊലീസ് പിന്നീട് രേഖപ്പെടുത്തി. കണ്ടെടുത്ത കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ മറ്റ് എട്ട് പേരേയും ജാമ്യത്തില്‍ വീട്ടെങ്കിലും പുലിപ്പല്ല് കൈവശം വെച്ചു എന്നാരോപിച്ച് വേടനെ വനംവകുപ്പിന് കൈമാറുകയായിരുന്നു.

Content Highlight: Rapper Vedan got bail