national news
ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ല; പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 11:48 am
Wednesday, 30th April 2025, 5:18 pm

ന്യൂദല്‍ഹി: രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

രാജ്യത്തെ അടുത്ത പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ എടുത്ത ഈ തീരുമാനം കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ജാതി സെന്‍സസ് പ്രത്യേകമായി നടത്തില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. പൊതു സെന്‍സസിനൊപ്പം പൗരന്മാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കാനാണ് സാധ്യത. ഇത് നടപ്പിലായാല്‍ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ ജാതി സെന്‍സ് ആവുമിത്. അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ജാതി സെന്‍സസിനെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും എതിര്‍ത്തിരുന്നെന്നും അശ്വിനി വൈഷ്ണവ് വാര്‍ത്ത സമ്മേളനത്തിനിടെ പറഞ്ഞു. ചില സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ അശാസ്ത്രീയമായ രീതിയില്‍ ജാതി സെന്‍സസ് നടത്തിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങള്‍ നടത്തിയ സര്‍വേകളെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികളും ജാതി സെന്‍സസ് ഒരു രാഷ്ട്രീയ ഉപകരണമായി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചു. ചില സംസ്ഥാനങ്ങള്‍ ജാതി സര്‍വേകള്‍ നന്നായി നടത്തിയിട്ടുണ്ട്. മറ്റു ചിലര്‍ രാഷ്ട്രീയത്തിന്റെ പേരില്‍ അശാസ്ത്രീയമായ രീതിയിലാണ് സര്‍വേകള്‍ നടത്തിയത്. അതിനാല്‍ ഇത്തരം സര്‍വേകള്‍ സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്ടിച്ചെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 246 പ്രകാരം, സെന്‍സസ് വിഷയം ഏഴാം ഷെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റില്‍ 69-ാം സ്ഥാനത്താണ് പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു കേന്ദ്ര വിഷയമാണ്. ചില സംസ്ഥാനങ്ങളില്‍ ജാതി സര്‍വെകള്‍ നടത്തിയിട്ടുണ്ടെങ്കിലും അവരതിനെ സമീപിച്ച രീതിയില്‍ വ്യത്യാസമുണ്ട്.

ചില സംസ്ഥാനങ്ങള്‍ ഈ സര്‍വേകള്‍ സുതാര്യവും സംഘടിതവുമായ രീതിയിലാണ് നടത്തിയത്. മറ്റുള്ളവരാകട്ടെ അവ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് നടത്തിയത്. ഇവ അശാസ്ത്രീയമായതും സമൂഹത്തില്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നതുമായിരുന്നു,’ മന്ത്രി പറഞ്ഞു.

ഇത്തരം ക്രമമില്ലാതെ നടത്തുന്ന സര്‍വെകള്‍ സാമൂഹിക ഐക്യത്തെ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഈ ആശങ്ക കണക്കിലെടുത്ത്, സംസ്ഥാനതല സര്‍വേകളിലൂടെയല്ലാതെ ഔദ്യോഗിക സെന്‍സസിന്റെ ഭാഗമായി ജാതി സെന്‍സസ് സുതാര്യമായി നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറ ശക്തിപ്പെടുത്തുന്നതിനൊപ്പം വികസനമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.

Content Highlight: Caste census will not be conducted separately; Central government to conduct caste census along with general census