Sports News
ഇംഗ്ലണ്ടില്‍ നയിക്കാന്‍ രോഹിത്; മധ്യനിരയില്‍ കരുത്തേകാന്‍ കരുണും രജത് പാടിദാറും: റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 30, 11:20 am
Wednesday, 30th April 2025, 4:50 pm

ഐ.പി.എല്ലിന് ശേഷമെത്തുന്ന ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യന്‍ ടീമിന് വരാനിരിക്കുന്ന മത്സരം. ജൂണ്‍ അവസാനം മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അതിന് മുന്നോടിയായി ഇന്ത്യ എയുടെ മത്സരങ്ങളുമുണ്ട്.

ഈ രണ്ട് പരമ്പരകള്‍ക്കുമായി അജിത് അഗാകറിന് കീഴില്‍ സെലക്ഷന്‍ കമ്മിറ്റി 35 അംഗ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മെയ് രണ്ടാം വാരം ഇംഗ്ലണ്ട് ടൂറിനുള്ള ടീമിനെ പ്രഖ്യാപിച്ചേക്കും. ഇംഗ്ലണ്ടിനെതിരെ രോഹിത് ശര്‍മ്മ തന്നെയാകും ക്യാപ്റ്റന്‍ എന്നും റിപ്പോര്‍ട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് സെലക്ഷന്‍ കമ്മിറ്റി ടെസ്റ്റില്‍ മോശം ഫോമിലാണെങ്കിലും രോഹിത്തിന് പകരം പുതിയ ക്യാപ്റ്റനെ നിയമിക്കാന്‍ തയ്യാറല്ല. ബെന്‍ സ്റ്റോക്‌സിന്റെ സംഘത്തിനെതിരെ ശക്തമായ ഒരു ക്യാപ്റ്റനെയാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നതിനാലാണ് താരത്തെ തന്നെ ക്യാപ്റ്റനാക്കാന്‍ തീരുമാനിക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഓസ്‌ട്രേലിയന്‍ പര്യടനം പോലെ തന്നെ ഇംഗ്ലണ്ട് പരമ്പര കഠിനമായിരിക്കുമെന്നതിനാല്‍ ഇന്ത്യയ്ക്ക് ശക്തമായ ഒരു ക്യാപ്റ്റനെ ആവശ്യമാണെന്ന് ബി.സി.സി.ഐ കരുതുന്നു. അതിനാല്‍ രോഹിത് പരമ്പരയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്,’ ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് കൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രഞ്ജി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ച കരുണ്‍ നായരെയും ഇംഗ്ലണ്ട് പര്യടനത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. താരത്തോടൊപ്പം ഐ.പി.എല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ നായകനായ രജത് പാടിദാറിനെയും മധ്യ നിരയിലേക്ക് പരിഗണിക്കുന്നുണ്ട്. ഇരുവരെയും ഇന്ത്യ എ സീരിസില്‍ പരീക്ഷിച്ചേക്കും.

‘മധ്യനിരയെ സംബന്ധിച്ചിടത്തോളം, സര്‍ഫറാസ് ഖാന്റെ കഴിവില്‍ ടീം മാനേജ്മെന്റിന് ആത്മവിശ്വാസം കുറവാണ്. നായരും പാടിദാറും പരിചയസമ്പന്നരായ റെഡ്-ബോള്‍ കളിക്കാരാണ്, മികച്ച ഫോമിലാണ്. അവരില്‍ ഒരാളെങ്കിലും ഇന്ത്യ ‘എ’ ടീമില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്,’ ബി.സി.സി.ഐ വൃത്തം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തുന്ന ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും 35 അംഗ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതാരം സായ് സുദര്‍ശനെ ബാക്കപ്പ് ഓപ്പണറായി പരിഗണിച്ചേക്കും. വിരമിച്ച രവിചന്ദ്രന്‍ അശ്വിന് പകരം കുല്‍ദീപ് യാദവ് ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

Content Highlight: Rohit Sharma likely to lead India in the tour of England and considering Rajat Patidar and Karun Nair: Report