IPL
ഇഷ്ടംകൊണ്ട് പറഞ്ഞതാ, അടുത്ത വര്‍ഷം ചെന്നൈയില്‍ നിങ്ങള്‍ ഉണ്ടാകരുത്; ധോണിയെക്കുറിച്ച് ആദം ഗില്‍ ക്രിസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 30, 11:46 am
Wednesday, 30th April 2025, 5:16 pm

 

ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഡു ഓര്‍ ഡൈ മാച്ചില്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് പത്താം മത്സരത്തിനിറങ്ങും.  ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സാണ് ചെന്നൈയുടെ എതിരാളികള്‍. സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയമാണ് വേദി.

മത്സരത്തില്‍ വലിയ സമ്മര്‍ദത്തോടെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ക്യാപ്റ്റന്‍സി റോളില്‍ തിരിച്ചെത്തിയ ധോണി ചെന്നൈയെ വിജയവഴിയില്‍ എത്തിക്കുമെന്നാണ് ആരാധകരും കരുതുന്നത്.

എന്നാല്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ് ഇപ്പോള്‍ ധോണിയെക്കുറിച്ച് സംസാരിക്കുകയാണ്. സൂപ്പര്‍ കിങ്‌സിനായി ക്യാപ്റ്റന്‍ എം.എസ്. ധോണിക്ക് ഇനി ഒന്നും തെളിയിക്കേണ്ട കാര്യമില്ലെന്നും അടുത്ത വര്‍ഷം ധോണി ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങേണ്ടെന്നുമാണ് ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞത്.

‘ക്രിക്കറ്റില്‍ ധോണിക്ക് ഇനി ഒന്നും തെളിയിക്കേണ്ട കാര്യമില്ല, അദ്ദേഹം എല്ലാം നേടിക്കഴിഞ്ഞു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. പക്ഷേ അദ്ദേഹത്തിന്റെ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ഇത് പറയുന്നത്, ഇത് എനിക്ക് വലിയ നഷ്ടമുണ്ടാക്കുമെന്ന് എനിക്കറിയാം, പക്ഷേ അടുത്ത വര്‍ഷം അദ്ദേഹം അവിടെ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു എം.എസ്. നിങ്ങള്‍ ഒരു ചാമ്പ്യനും ഒരു ഐക്കണുമാണ്,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

നിലവില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായ സൂപ്പര്‍ കിങ്‌സിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ഐ.പി.എല്ലില്‍ ധോണിയുടെ കീഴില്‍ അഞ്ച് തവണ ജേതാക്കളായ ടീമിന് ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണുള്ളത്. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേ ഓഫില്‍ കടക്കാന്‍ വിദൂര സാധ്യതയെങ്കിലുമുള്ളത്.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍ പതിനെട്ടാം സീസണില്‍ ഒരു കാലത്തുമില്ലാത്ത വിധം മോശം ഫോമിലൂടെയാണ് ടീം കടന്നു പോവുന്നത്.

Content Highlight: IPL 2025: Adam Gilchrist Talking About M.S Dhoni