വ്യത്യസ്തമായ ശബ്ദവും സംഗീതവും കൊണ്ട് മലയാള സിനിമാലോകത്ത് പുതിയ തരംഗം കൊണ്ടുവന്ന സംഗീത സംവിധായകനാണ് ജാസി ഗിഫ്റ്റ്. 2003ൽ ഫോർ ദ പീപ്പിൾ എന്ന സിനിമയും അതിലെ സംഗീതവും അന്നുവരെ മലയാളസിനിമ കണ്ട് പരിചയിച്ചിട്ടില്ലാത്ത ഒന്നായിരുന്നു. ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനം ഇന്നും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 50ഓളം സിനിമകൾക്ക് ജാസി സംഗീതം നൽകി.
ഫോർ ദ പീപ്പിളിലെ ലജ്ജാവതി എന്ന പാട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ജാസി ഗിഫ്റ്റ്. ആദ്യം കമ്പോസ് ചെയ്തത് അന്നക്കിളി എന്ന പാട്ടാണെന്നും മൂന്നാമതായാണ് ലജ്ജാവതി ചെയ്തതെന്നും ജാസി ഗിഫ്റ്റ് പറയുന്നു. കൈതപ്രം തിരുമേനിയാണ് വരികൾ എഴുതിയതെന്നും തനിക്ക് വളരെ കംഫര്ട്ടബിളായ വ്യക്തിയാണ് അദ്ദേഹമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
‘ലജ്ജാവതിക്ക്’ വ്യത്യസ്തമായ ശബ്ദം പരീക്ഷിച്ചാലോ എന്നായിരുന്നു തങ്ങളുടെ ആലോചനയെന്നും ആ ചിന്ത അദ്‌നാൻ സാമിയിലെത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഡേറ്റും പ്രതിഫലവും പ്രശ്നമായതിനാൽ വേണ്ടെന്ന് വെച്ചുവെന്നും ജയരാജ് തന്നോട് തന്നെ പാടാൻ ആവശ്യപ്പെട്ടുവെന്നും ജാസി ഗിഫ്റ്റ് വ്യക്തമാക്കി.
‘ആദ്യം കമ്പോസ് ചെയ്തത് ‘അന്നക്കിളി’യാണ്. ‘ലജ്ജാവതി’ മൂന്നാമതായും ചെയ്തു. ട്യൂൺ എനിക്കും ജയരാജ് സാറിനും ഇഷ്ടപ്പെട്ടു. കൈതപ്രം തിരുമേനി വളരെ വേഗത്തിൽ വരികൾ എഴുതി. അദ്ദേഹം എനിക്ക് ഏറെ കംഫർട്ടബിളായ മനുഷ്യനാണ്. പറഞ്ഞ രീതിയനുസരിച്ചുതന്നെ അദ്ദേഹം പാട്ടെഴുതി.
യൂത്തിന്റെ സിനിമ ആയതുകൊണ്ട് പാട്ടുകളിൽ ഇംഗ്ലീഷ് വാചകങ്ങളും ഉപയോഗിക്കാമെന്ന് ജയരാജ് സാറും പറഞ്ഞു. ഗിറ്റാറിസ്റ്റ് രാജു ജോർജിന്റേതാണ് ഇംഗ്ലീഷ് വരികൾ. ‘ലജ്ജാവതിക്ക്’ വ്യത്യസ്തമായ ശബ്ദം പരീക്ഷിച്ചാലോ എന്നായിരുന്നു ഞങ്ങളുടെ ആലോചന. ആ ചിന്ത അദ്‌നാൻ സാമിയിലെത്തിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ ആൽബങ്ങളെല്ലാം ഹിറ്റാണ്. ഞങ്ങൾ അദ്ദേഹത്തെ സമീപിച്ചു. പക്ഷേ, ഡേറ്റും പ്രതിഫലവും ഓക്കെയായില്ല.
പിന്നെ മറ്റൊരു ശബ്ദത്തിനായി തിരച്ചിൽ തുടങ്ങി. പക്ഷേ, ജയരാജ് സാർ എന്നോടുതന്നെ പാടാൻ നിർദേശിച്ചു. കമ്പോസിങ് മുതലേ അദ്ദേഹം എന്റെ ശബ്ദത്തിലാണല്ലോ കേൾക്കുന്നത്. അതുകൊണ്ടായിരിക്കാം അങ്ങനെ നിർദേശിച്ചത്. അവസാനം സാറിന്റെ നിർബന്ധത്തിൽ ഞാൻ പാടി. കേട്ടവരിൽനിന്നെല്ലാം നല്ല അഭിപ്രായവും കിട്ടി. അതോടെ അത് ഉൾപ്പെടുത്താൻ തീരുമാനിച്ചു,’ ജാസി ഗിഫ്റ്റ് പറയുന്നു.
Content Highlight: Jassie Gift Lajjavathiye Song