തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാലുമായുള്ള ഫൈറ്റ് രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ബിനു പപ്പു. ഫൈറ്റ് ചെയ്യുന്ന കാര്യത്തിലൊക്കെ മോഹന്‍ലാല്‍ എന്ന നടന്‍ വളരെ കെയര്‍ഫുളാണെന്ന് ബിനു പപ്പു പറയുന്നു.
താനുമായുള്ള ഒരു ഫൈറ്റ് രംഗത്തില്‍ വേറെ നിവൃത്തിയില്ലാതെ മോഹന്‍ലാലിന്റെ ടൈമിങ് തങ്ങള്‍ക്ക് തെറ്റിക്കേണ്ടി വന്നെന്നും ബിനു പപ്പു പറയുന്നുണ്ട്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭയങ്കര ഈസിയായി, ഭയങ്കര രസമായിട്ട് നമുക്ക് പുള്ളിയുടെ കൂടെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ പറ്റും. പുള്ളി നമ്മുടെ ദേഹത്ത് തൊടില്ല. ചവിട്ട്, കുത്ത് കാര്യങ്ങളൊന്നും നമ്മുടെ ദേഹത്ത് തൊടില്ല.
അതുമാത്രമല്ല എല്ലാവരേയും ഈക്വലായി കാണുന്ന വ്യക്തിയാണ് അദ്ദേഹം. അതിപ്പോള്‍ ഫൈറ്റേഴ്‌സ് ആയാലും ശരി, കൂടെ അഭിനയിക്കുന്ന കോ സ്റ്റാര്‍സ് ആണെങ്കിലും ശരി ആരായാലും പുള്ളി ഇക്വലിയാണ് ട്രീറ്റ് ചെയ്യാറ്.
ഓരോ സീന്‍ കഴിയുമ്പോഴും നമ്മുടെ അടുത്ത് വന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കും. ഈ സിനിമയില്‍ ബാഗെടുത്ത് തലയിലടിച്ച് പൊട്ടിക്കുക പോലുള്ള സംഭവങ്ങളാണല്ലോ.
അതില്‍ ഒരു ഫൈറ്റില്‍ ലാലേട്ടന്‍ എന്നെയിങ്ങനെ പഞ്ച് ചെയ്ത് കഴിഞ്ഞിട്ട് ഞാനിങ്ങനെ തിരിയുമ്പോള്‍ എന്റെ പുറത്ത് ചവിട്ടുന്നുണ്ട്. ഈ ചവിട്ടുന്നത് ഫാന്റം ക്യാമറയിലാണ് ഷൂട്ട് ചെയ്യുന്നത്.
തീര്‍ച്ചയായും നമുക്ക് ആ ഇംപാക്ട് ടച്ചിലൂടെ കിട്ടണം. ടച്ച് ചെയ്ത് കഴിഞ്ഞാലേ രസമുണ്ടാകുള്ളൂ. അല്ലെങ്കില്‍ അത് തൊടാതെ പോകും. ലാലേട്ടന്റെ എല്ലാ അടിയും ഒരു പ്രത്യേക ഡിസ്റ്റന്‍സില്‍ പോകും. നമ്മളെ തൊടത്ത് പോലുമില്ല.
ഇത് തൊടാതെ പോകുന്നത് ഫാന്റം ക്യാമറയില്‍ മനസിലാകും. നമുക്ക് ഒരു പൊസിഷന്‍ തരുമല്ലോ. ആദ്യത്തെ ടേക്ക് പോയി. ലാലേട്ടന്‍ കാല് എന്റെ ദേഹത്ത് തൊടാതെ പോയി.
സില്‍വ മാസ്റ്റര്‍ വന്നിട്ട് ലാല്‍ സാര്‍, കൊഞ്ചം ടച്ച് വേണം അപ്പോഴേ ഇംപാക്ട് ഉണ്ടാകുകയുള്ളൂ എന്ന് പറഞ്ഞു. മോനെ, ഞാന്‍ എങ്ങനെയാ അവനെ ചവിട്ടുക എന്ന് ചോദിച്ചു.
ലാലേട്ടാ കുഴപ്പമില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിനക്ക് കുഴപ്പമില്ലായിരിക്കാം എനിക്ക് പറ്റില്ല എന്ന് പറഞ്ഞു. രണ്ടാമത്തെ ടേക്കില്‍ അദ്ദേഹത്തിന്റെ ചവിട്ടില്‍ എന്റെ ഷര്‍ട്ട് ഇങ്ങനെ വൈപ്പ് ചെയ്തു. ലാലേട്ടന്റെ കാല് എനിക്ക് തട്ടിയതായി ഫീല്‍ ചെയ്തു. പക്ഷേ അതും അത്ര ഓക്കെ ആയില്ല.
നമ്മള്‍ എങ്ങനെ പറഞ്ഞാലും പുള്ളി ഇതിന് സമ്മതിക്കില്ലെന്ന് മനസിലായി. ഒടുവില്‍ ഞാനും മാസ്റ്ററും കൂടി സംസാരിച്ചു. നിനക്ക് ഫോര്‍വേര്‍ഡ് അല്ലേ തന്നത്, നീ ആ പൊസിഷന്‍ ചെറുതായൊന്ന് മാറ്റൂ എന്ന് മാസ്റ്റര്‍ പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ ലാലേട്ടന്റെ ടൈമിങ് തെറ്റിക്കുക, അപ്പോള്‍ ആ ഇംപാക്ട് വരുമെന്ന് പറഞ്ഞു.
ഞാന്‍ പിറകിലോട്ട് ചാഞ്ഞ് തിരിഞ്ഞ് ഞാന്‍ മുന്നോട്ട് പോകാതെ അവിടെ തന്നെ നിന്നു. ശരിക്കും ഞാന്‍ വേറൊരു പൊസിഷനിലേക്ക് പോകേണ്ടതാണ്.
അത് പോകാതെ അവിടെ തന്നെ നിന്നതും അദ്ദേഹത്തിന്റെ കാല് വന്ന് എന്റെ പുറത്ത് തട്ടി. കട്ട് പറഞ്ഞതും ലാലേട്ടന്‍ വന്നിട്ട് മോനെ, നീ തെറ്റിച്ചു. നീ മുന്നോട്ട് പോകണം. നീ എന്താണ് ഈ കാണിക്കുന്നത്. നിനക്കിത് മനസിലായില്ലേ എന്നൊക്കെ ചോദിച്ചു.
ലാലേട്ടാ തെറ്റിച്ചാലേ അത് ശരിയാകൂ എന്ന് പറഞ്ഞപ്പോള്‍ എന്താടാ ഇത് എന്ന് ചോദിച്ചു,’ ബിനു പപ്പു പറയുന്നു.
Content Highlight: we were deliberately messing up Mohanlal timing in a fight sequence says Binu Pappu