ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് കൊല്‍ക്കത്തയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഒമ്പത് നഷ്ടത്തില്‍ 204 റണ്‍സാണ് ഉയര്‍ത്തിയത്. പക്ഷേ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹിക്ക് 190 മാത്രമാണ് നേടാന്‍ സാധിച്ചത്.
അതേസമയം ഇന്നലെ മത്സരത്തിന് ശേഷം ദല്‍ഹി സ്പിന്നര്‍ കുല്‍ദീപ് യാദവ് കൊല്‍ക്കത്തയുടെ റിങ്കു സിങിന്റെ മുഖത്ത് രണ്ട് തവണ അടിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
മത്സരശേഷം ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ സൗഹൃദ സംഭാഷണം നടത്തവേയാണ് സംഭവം. ഇരുവരും സംസാരിക്കവേ റിങ്കു എന്തോ പറഞ്ഞ് ചിരിച്ചശേഷമാണ് അപ്രതീക്ഷിതമായി കുല്‍ദീപ് റിങ്കുവിന്റെ മുഖത്തടിച്ചത്. തമാശയ്ക്ക് അടിച്ചതാണെങ്കിലും അടിച്ചത് കുറച്ചത് ശക്തിയിലായി പോയി. അടിയേറ്റ ശേഷം റിങ്കു സിങ്ങിന്റെ മുഖത്ത് വിഷമം പ്രകടമായിരുന്നു. ഒരു തവണ അടിച്ചതിന് ശേഷം വീണ്ടും റിങ്കുവിനെ കുല്‍ദീപ് അടിക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്.
Even if this is some sort of a joke, it is not funny. Shows lack of respect a player has for another player.
Kuldeep Yadav Slaps Rinku Singh Twice. pic.twitter.com/4rKie2AjIn
— Sanket Upadhyay (@sanket) April 30, 2025
കൊല്‍ക്കത്തക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അംകൃഷ് രഘുവന്‍ശിയാണ്. 32 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നും റഹ്മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്. മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോഴാണ് കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്. ടീം സ്‌കോര്‍ 48ല്‍ നില്‍ക്കവെ ഗുര്‍ബാസിനെയായിരുന്നു ടീമിന് നഷ്ടപ്പെട്ടത്. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സാണ് താരം നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്.
മധ്യനിരയില്‍ റിങ്കു സിങ് 25 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടി. ഓപ്പണര്‍ സുനില്‍ നരേന്‍ 16 പന്തില്‍ 27 റണ്‍സും നേടിയാണ് പുറത്തായത്.
കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്ന്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി മികച്ച പ്രകടനമാണ് നടത്തിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ അനുകുല്‍ റോയ്, വൈഭവ് അറോറ, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
ദല്‍ഹിക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ ഫാസ് ഡു പ്ലെസി ആണ്. 45 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 23 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 43 റണ്‍സും നേടി. മധ്യനിരയില്‍ വിപ്രജ് നിഗം 19 പന്തില്‍ നിന്ന് 38 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
Content Highlight: IPL 2025: DC VS KKR: Kuldeep Yadav slapped Rinku twice; video goes viral