കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. നിരവധി സിനിമകളുടെ ഭാഗമായ അദ്ദേഹം 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്. ശേഷം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.
ഇപ്പോള്‍ ഒരു കാലത്ത് മലയാള സിനിമയില്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സിദിഖ് ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.
സിദ്ദിഖ് ലാലിന്റ സിനിമകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നുവെന്നും എല്ലാവര്‍ഷവും ഒരു സിനിമ എന്ന രീതിയില്‍ അവരുടെ സിനിമകള്‍ തീയേറ്ററില്‍ വന്നിരുന്നുവെന്നും ലാല്‍ ജോസ് പറയുന്നു. ഗോഡ് ഫാദര്‍ എന്ന സിനിമ ഉണ്ടാക്കിയ റെക്കോഡുകളൊന്നും ഇനി ഒരു സിനിമയ്ക്കും ബ്രേക്ക് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. അന്ന് സിദ്ദിഖ് ലാലിന്റെ പേര് മാത്രം മതി തീയേറ്ററില്‍ ആളുകള്‍ വരാനെന്നും ലാല്‍ ജോസ് കൂട്ടിചേര്‍ത്തു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരുകാലത്ത് എല്ലാവര്‍ഷവും ഒരു സിനിമ എന്ന രീതിയില്‍ സിദ്ദിഖ് ലാലിന്റെ സിനിമ പുറത്ത് വരാന്‍ തുടങ്ങി. റാം ജീറാവു സ്പീക്കിങ് എന്ന സിനിമയ്ക്ക് ശേഷം അടുത്തവര്‍ഷം ഇന്‍ഹരിഹര്‍ എന്ന സിനിമ വന്നു. അതും വലിയ രീതിയില്‍ ഹിറ്റായി. അപ്പോള്‍ ആദ്യത്തെ സിനിമ ചക്ക വീണ് മുയല്‍ ചത്തതാണെന്ന് വിചാരിച്ച ആളുകള്‍ക്ക് അത് വലിയ തിരിച്ചടിയായി.
കഥ തിരക്കഥ സംഭാഷണം സംവിധാനം സിദ്ധിഖ് ലാല്‍ എന്ന് പറഞ്ഞ് ഇന്‍ഹരിഹര്‍ നഗര്‍ വന്നു. അതിന് ശേഷം പിന്നീട് വിയറ്റ്‌നാം കോളനി എന്ന സിനിമ വന്നു. ഗോഡ്ഫാദര്‍ വന്നു. കാബൂളിവാല വന്നു. വര്‍ഷത്തിലൊരു സിനിമ, ആ സിനിമകള്‍ എല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്. അതില്‍ തന്നെ ഗോഡ്ഫാദര്‍ ഒന്നര വര്‍ഷത്തോളം തീയേറ്ററില്‍ ഓടി റെക്കോഡ് ഇട്ടു. ആ റെക്കോര്‍ഡ് ഇനി ആര്‍ക്കും ബ്രേക് ചെയ്യാന്‍ കഴിയില്ല.
അങ്ങനെ സിദ്ദിഖ് ലാല്‍ എന്നു പറയുന്ന പേര് മാത്രം മതി ആളുകള്‍ തീയേറ്ററില്‍ വരാന്‍, അഭിനയിക്കുന്നത് ആരാണെന്ന് ഒന്നും പ്രശ്‌നമല്ലാത്ത രീതിയിലേക്ക് കാര്യങ്ങള്‍ മാറി. എല്ലാ വര്‍ഷവും മലയാളികള്‍ ഇവരുടെ സിനിമക്കായി കാത്തിരിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം ഞെട്ടിക്കുന്ന വാര്‍ത്ത വരുകയാണ് ഇനി ഞങ്ങള്‍ ഒരുമിച്ച് സംവിധാനം ചെയ്യുന്നില്ലായെന്ന് ഇരുവരും പറയുന്നു. അതിന് ശേഷം ഹിറ്റിലര്‍ സിദ്ദിഖ് സംവിധാനം ചെയ്യുകയും ലാല്‍ നിര്‍മ്മിക്കുകയും ചെയ്തു. ഈ വേര്‍പിരിയലിന്റെ കാരണമെന്താണെന്ന് മരിക്കുന്നത് വരെ സിദ്ദിഖും പറഞ്ഞില്ല, ലാല്‍ പറയാന്‍ പോകുന്നുമില്ല,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal jose about Siddique Lal