Advertisement
Entertainment
ബസൂക്കയിലെ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല; ആ നടന് ഡേറ്റുണ്ടായില്ല: ഹക്കീം ഷാജഹാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 10:36 am
Friday, 11th April 2025, 4:06 pm

മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം ബസൂക്ക. ഡിനോ ഡെന്നീസിന്റെ സംവിധാനത്തിലെത്തിയ ബസൂക്ക മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പരീക്ഷണ ചിത്രം തന്നെയാണ്.

ബസൂക്കയില്‍ വളരെ മികച്ചൊരു കഥാപാത്രത്തെയാണ് നടന്‍ ഹക്കീം ഷാ അവതരിപ്പിച്ചത്. എന്നാല്‍ ആ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് താനായിരുന്നില്ലെന്ന് ഹക്കീം പറയുന്നു. മറ്റൊരു നടന് ഡേറ്റ് പ്രശ്‌നം വന്നതുകൊണ്ടാണ് ആ കഥാപാത്രം തന്നിലേക്ക് എത്തിയതെന്നും ഹക്കീം പറഞ്ഞു.

‘ 2022 ലാണ് എനിക്ക് ഈ വര്‍ക്ക് കിട്ടുന്നത്. ശരിക്കും ഈ കഥാപാത്രം ചെയ്യാനിരുന്നത് വേറൊരു ആളായിരുന്നു. പുള്ളിക്ക് ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് എന്നാല്‍ ഇവന്‍ ചെയ്യട്ടെ എന്ന് വെച്ചത്.

അത് എന്റെ ഒരു ഭാഗ്യം കൂടിയാണ്. ഒരു പത്ത് പതിനഞ്ച് ദിവസം മമ്മൂക്കയുടെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് ഇരുന്ന് ഒരു വര്‍ക്ക് ചെയ്യാന്‍ പറ്റുകയെന്നത് വലിയ ഭാഗ്യമാണ്.

ഞാന്‍ ഭയങ്കര ക്യൂരിയോസ് ആയി കണ്ടിരുന്നു എന്നേയുള്ളൂ. നമ്മുടെ വിളച്ചിലെടുക്കാനൊന്നും പോയിട്ടില്ല. പേടിച്ച് തന്നെയാണ് ഇരുന്നത്. മമ്മൂക്കയുടെ പ്രോസസ് കണ്ടിട്ട് ഞാന്‍ അത്ഭുതപ്പെട്ടു.

ഓണ്‍ സ്‌പോര്‍ട്ടില്‍ ഒരു സാധനം ചെയ്യുമ്പോള്‍ ഞെട്ടിപ്പോകും. മമ്മൂക്ക ഇത് ഇങ്ങനെയല്ല നമുക്ക് ഇവിടെ ഒരു പ്രശ്‌നം ഉണ്ട് അങ്ങനെ വരുമ്പോള്‍ എന്ന് പറയുമ്പോള്‍ രണ്ടും മൂന്നും നാലും പ്രാവശ്യം അദ്ദേഹം അത് വ്യത്യസ്ത രീതിയില്‍ ചെയ്യും.ക്ലൈമാക്‌സിലൊക്കെ.

ഞാന്‍ ആലോചിക്കാറുണ്ട് എന്നോട് ആണ് ഇത് പറയുന്നതെങ്കില്‍ ഞാന്‍ അത് എങ്ങനെ കണ്‍സീവ് ചെയ്യുമെന്ന്. എനിക്ക് ഒരു ഐഡിയയും ഇല്ല.

അത് അങ്ങനെ തന്നെ വേറൊരു അവതാരമായിട്ടാണ് പുള്ളി അതില്‍ പെര്‍ഫോം ചെയ്യുന്നത്. ഇതൊക്ക എങ്ങനെയാണ് ചിന്തിച്ച് വെക്കുക പ്ലാന്‍ഡ് ആണോ ഓണ്‍ ആക്ഷനില്‍ എങ്ങനെയാണ് ഇങ്ങനെ മാറുക എന്നത് വളരെ ക്യൂരിയോസ് ആയി ഞാന്‍ കണ്ടു നിന്നു.

അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാന്‍. എനിക്ക് എപ്പോഴും കണ്ടു പഠിക്കാനുണ്ടായിരുന്നു. സീനിയേഴ്‌സ് ആയിട്ടുള്ള ആള്‍ക്കാര്‍ നമ്മുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.

ഒരു പരകായ പ്രവേശം നടത്തുക എന്ന് പറയില്ലേ. അതാണ്. ഞാന്‍ ഭയങ്കര ലക്ക് ഉള്ള ആളായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ പെര്‍ഫോമന്‍സൊക്കെ നേരിട്ട് കാണാന്‍ സാധിച്ചു. അത് വിശദീകരിച്ചു തരാന് എനിക്ക് പറ്റില്ല.

മമ്മൂക്കചെയ്യുന്ന പ്രോസസ് എന്താണെന്ന് പറഞ്ഞു തരാനും പറ്റില്ല. പലതും മമ്മൂക്ക സ്വയം കയ്യില്‍ നിന്ന് ഇട്ടതാണ്. അതൊന്നും ഡയരക്ടര്‍ പറഞ്ഞതല്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ലെജന്റ് ആയി നില്‍ക്കുന്നതും,’ ഹക്കീം ഷാ പറഞ്ഞു.

Content Highlight: Actor Hakkim Shajahan about Mammootty and His Character